ഭോപ്പാല്‍: മധ്യപ്രദേശില്‍ 90 കാരിയെ കൂട്ടബലാല്‍സഗം ചെയ്തു. മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘമാണ് വയോധികയെ ബലാല്‍സംഗം ചെയ്തതെന്നാണ് വിവരം. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ പോലിസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. പീഡനത്തിനിരയായ വയോധിക ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായും പോലിസ് അറിയിച്ചു.
തന്റെ കൃഷിയിടത്തിലെ കുടിലില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ വ്യാഴാഴ്ച രാത്രി നാലംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. രാത്രി മുഖംമറച്ചെത്തിയ നാലുപേര്‍ വയോധികയെ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയായിരുന്നു. പീഡനത്തിനിരയായ ഇവര്‍ അടുത്ത ദിവസം രാവിലെയാണ് സമീപഗ്രാമത്തില്‍ താമസിക്കുന്ന മകളെ വിവരമറിയിച്ചത്. തുടര്‍ന്ന് മകളും ബന്ധുക്കളുമെത്തി വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 70 പ്രകാരമാണ് പോലിസ് കേസെടുത്തിരിക്കുന്നത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നതെന്ന് പോലിസ് അറിയിച്ചു. പ്രതികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പോലിസ് 10,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.