നീറ്റ് ചോദ്യപേപ്പർ കിട്ടിയത് രാത്രിയെന്ന് കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥി; കെമിസ്ട്രിക്ക് 5%, ഫിസിക്സിന് 85 % മാർക്ക്
പട്‌ന: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥിക്ക് കെമിസ്ട്രിക്ക് കിട്ടിയത് അഞ്ച് ശതമാനം മാര്‍ക്ക്. എന്നാല്‍ ഫിസിക്‌സിന് 85 ശതമാനം മാര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. പരീക്ഷയുടെ തലേന്ന് രാത്രിയാണ് ചോദ്യപേപ്പര്‍ കിട്ടിയതെന്നും എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും വിദ്യാര്‍ത്ഥി വെളിപ്പെടുത്തിയതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചകേസില്‍ നാല് വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. അതില്‍ അറസ്റ്റിലായ അനുരാഗ് യാദവിന്റെ മാര്‍ക്ക് ലിസ്റ്റിലാണ് വന്‍പൊരുത്തക്കേടുകള്‍ ഉള്ളത്. കോട്ടയിലെ കോച്ചിങ് കേന്ദ്രത്തിലാണ് അനുരാഗ് നീറ്റ് പരിശീലനത്തിന് ചേര്‍ന്നത്. അതിനിടയിലാണ് അമ്മാവന്‍ സിക്കന്ദര്‍ സമസ്തിപൂരിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. പരീക്ഷയുടെ തലേന്നാണ് ചോദ്യപേപ്പര്‍ ലഭിച്ചതെന്നും വിദ്യാര്‍ഥി വെളിപ്പെടുത്തി.
അനുരാഗ് 720ല്‍ 185 മാര്‍ക്ക് നേടിയതായാണ് സ്‌കോര്‍ബോര്‍ഡ് കാണിക്കുന്നത്. അനുരാഗ് ഫിസിക്‌സില്‍ 85.8 ശതമാനവും ബയോളജിയില്‍ 51 ശതമാനവും നേടിയെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ കെമസ്ട്രിക്ക് ലഭിച്ചത് 5 ശതമാനം മാര്‍ക്ക് മാത്രമാണ്. കെമസ്ട്രി ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മനഃപാഠമാക്കാന്‍ അനുരാഗിന് സമയം ലഭിച്ചില്ലെന്നാണ് സ്‌കോറുകള്‍ സൂചിപ്പിക്കുന്നത്. അഖിലേന്ത്യാ റാങ്കില്‍ 10,51,525 സ്ഥാനത്താണ് അനുരാഗ്, ഒബിസി കാറ്റഗറിയില്‍ 4,67,824 റാങ്കിലുമാണുള്ളത്. ചോദ്യപേപ്പറിന് അമിത് ആനന്ദ്, നിതീഷ് കുമാര്‍ എന്നീ വിദ്യാര്‍ഥികളോട് 32 ലക്ഷം രൂപ വരെയാണ് ആവശ്യപ്പെട്ടതെന്ന് അറസ്റ്റിലായ സിക്കന്ദര്‍ യാദവേന്ദു പോലിസിനോട് പറഞ്ഞു. നിലവില്‍ അനുരാഗിനെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ബാക്കി മൂന്ന് പേര് നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലുള്ള ഒരാള്‍ 720ല്‍ 300 മാര്‍ക്കാണ് ലഭിച്ചത്. ബയോളജിയില്‍ 87.8 ശതമാനം ലഭിച്ചപ്പോള്‍ ഫിസിക്‌സിന് 15.5 ശതമാനവും കെമിസ്ട്രിക്ക് 15.3 ശതമാനം മാര്‍ക്ക് മാത്രമാണ് ലഭിച്ചത്. ബാക്കി 2 പേരില്‍ ഒരാള്‍ക്ക് 720ല്‍ 581ഉം മറ്റേയാള്‍ക്ക് 483 ഉം മാര്‍ക്കാണ് ലഭിച്ചിരിക്കുന്നത്.
