കൊലക്കേസ് പ്രതികളുമായി റീല്‍സ്; എട്ടുപേര്‍ അറസ്റ്റില്‍

Update: 2025-08-08 02:58 GMT

കൊല്ലം: കരുനാഗപ്പള്ളി കോടതിയില്‍ വിചാരണയ്‌ക്കെത്തിച്ച കൊലക്കേസ് പ്രതികളുടെ വീഡിയോകളും ചിത്രങ്ങളും ചിത്രീകരിച്ചു പ്രചരിപ്പിച്ച സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍. ഓച്ചിറ അമ്പലശ്ശേരിയില്‍ അമ്പാടി (24), കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര തെക്ക് റോഷ് ഭവനത്തില്‍ റോഷന്‍ (34), ഓച്ചിറ ശ്രീകൃഷ്ണവിലാസത്തില്‍ അനന്തകൃഷ്ണന്‍ (24), ഓച്ചിറ കൊച്ചുപുര കിഴക്കതില്‍ അജിത്ത് (28), മഠത്തില്‍ക്കാരായ്മ പഞ്ചകത്തറയില്‍ ഹരികൃഷ്ണന്‍ (26), മഠത്തില്‍ക്കാരായ്മ ദേവസുധയില്‍ ഡിപിന്‍ (26), മണപ്പള്ളി തണ്ടളത്ത് മനോഷ് (36), വള്ളികുന്നത്ത് അഖില്‍ ഭവനത്തില്‍ അഖില്‍ (26) എന്നിവരെയാണ് കരുനാഗപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 28ന് കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിസരത്താണ് സംഭവം. കോടതിയില്‍ വിചാരണയ്ക്കായി കൊണ്ടുവന്ന കരുനാഗപ്പള്ളി ജിം സന്തോഷ് കൊലക്കേസിലെ വിചാരണത്തടവുകാര്‍കൂടിയായ അതുല്‍, മനു എന്നിവരുടെ വീഡിയോ ദൃശ്യങ്ങളാണ് ഇവര്‍ പകര്‍ത്തിയത്. ഇത് ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ദൃശ്യങ്ങള്‍ റീല്‍സുകളാക്കി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സമൂഹത്തിന് അപകടകരമായ സന്ദേശം നല്‍കിയതായുള്ള കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പോലിസ് നടപടി സ്വീകരിക്കുകയായിരുന്നു.