ഗുജറാത്തില്‍ രണ്ടു വര്‍ഷത്തിനിടെ അടച്ചത് 75 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍
അഹമ്മദാബാദ്: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഗുജറാത്തില്‍ 75 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ അടച്ചുപൂട്ടിയതായി ഗുജറാത്ത് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു. ഈ വര്‍ഷം ജനുവരി 21 വരെയുള്ള വിവരങ്ങളാണ് സര്‍ക്കാരിന്റെ മറുപടിയിലൂടെ പുറത്തുവന്നത്. പഠിക്കാന്‍ വിദ്യാര്‍ഥികളുടെ അഭാവവും അധ്യാപകരുടെ കടുത്ത ക്ഷാമവുമാണ് സ്‌കൂളുകള്‍ പൂട്ടാന്‍ കാരണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ചില സ്‌കൂളുകളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒരു വിദ്യാര്‍ഥി പോലും ചേര്‍ന്നിട്ടില്ലെന്ന വിവരവും പുറത്തുവന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും പഠന നിലവാരത്തിലെ ഇടിവും രക്ഷിതാക്കളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് അകറ്റുന്ന പ്രധാന ഘടകങ്ങളായാണ് വിലയിരുത്തല്‍.
ഗോത്രവര്‍ഗ്ഗ മേഖലകളിലാണ് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് കൂടുതലായി രേഖപ്പെടുത്തിയിരിക്കുന്നത്. ഖാന്‍പൂര്‍, കാവന്ത്, പോഷിന താലൂക്കുകളിലെ സ്‌കൂളുകളില്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണം ഉയര്‍ന്ന നിലയിലാണ്.
അധ്യാപക നിയമനം കാര്യക്ഷമമായി നടക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ചില സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ പഠിപ്പിക്കാന്‍ ഒരൊറ്റ അധ്യാപകന്‍ മാത്രമാണ് ചുമതലയുള്ളത്. വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ക്കിടെ പുറത്തുവന്ന ഈ കണക്കുകള്‍ പൊതുവിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികളെ വീണ്ടും ശ്രദ്ധയില്‍പ്പെടുത്തുന്നു. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും അധ്യാപക നിയമനം ശക്തിപ്പെടുത്തുന്നതിനും അടിയന്തര നടപടി ആവശ്യമാണ് എന്നതാണ് വിദ്യാഭ്യാസ മേഖലയിലെ നിരീക്ഷകരുടെ വിലയിരുത്തല്‍.
