ഓഹരി വിപണി നിക്ഷേപ വാഗ്ദാനം; ഹരിപ്പാട് സ്വദേശിയായ 73കാരന് നഷ്ടമായത് എട്ടു കോടി രൂപ

Update: 2026-01-18 07:40 GMT

ആലപ്പുഴ: ഓഹരി വിപണിയില്‍ വന്‍ ലാഭം നേടാമെന്ന വാഗ്ദാനത്തില്‍ വിശ്വസിപ്പിച്ച് ഹരിപ്പാട് സ്വദേശിയായ പ്രവാസിയില്‍ നിന്ന് എട്ടുകോടിയിലധികം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ 8,08,81,317 രൂപ നഷ്ടമായി. പ്രവാസിയുടെ മകന്റെ പരാതിയില്‍ ആലപ്പുഴ സൈബര്‍ ക്രൈം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സമൂഹ മാധ്യമങ്ങളിലൂടെയാണ് തട്ടിപ്പുസംഘം പ്രവാസിയെ സമീപിച്ചത്. ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ ലാഭം ലഭിക്കുമെന്ന രീതിയില്‍ ചാറ്റിംഗിലൂടെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഓഹരി നിക്ഷേപ സ്ഥാപനത്തിന്റെ പ്രതിനിധിയെന്ന വ്യാജേന സ്ത്രീ അയച്ചുനല്‍കിയ ട്രേഡിംഗ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താണ് പ്രവാസി നിക്ഷേപം ആരംഭിച്ചത്. വ്യാജ ആപ്പിലെ വിര്‍ച്വല്‍ അക്കൗണ്ടില്‍ നിക്ഷേപിച്ച തുകയ്ക്ക് ലാഭവിഹിതം ലഭിക്കുന്നതായി കാണിച്ചായിരുന്നു തട്ടിപ്പ്. 2025 സെപ്റ്റംബര്‍ 24 മുതല്‍ ഡിസംബര്‍ 20 വരെ നാലു ബാങ്ക് അക്കൗണ്ടുകളിലൂടെയായി 73 തവണയാണ് പ്രവാസി പണം കൈമാറിയത്. ഇതിന് പിന്നില്‍ അന്തര്‍ സംസ്ഥാന തട്ടിപ്പുസംഘമാണെന്നതാണ് അന്വേഷണത്തിലെ പ്രാഥമിക നിഗമനം.

റിലയന്‍സ് കാപ്പിറ്റല്‍ ലിമിറ്റഡിന്റെ പേരിനോട് സാമ്യമുള്ള 'സി778 റിലയന്‍സ് കാപ്പിറ്റല്‍ ഇന്‍വെസ്‌റ്റേഴ്‌സ് ഹബ്' എന്ന പേരിലാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിച്ചത്. ഗ്രൂപ്പിന്റെ പ്രതിനിധികളെന്ന നിലയില്‍ പരിചയപ്പെടുത്തി പ്രവാസിയെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും അംഗമാക്കി. ഗ്രൂപ്പിലുണ്ടായിരുന്ന ഏകദേശം 60 നമ്പറുകളും തട്ടിപ്പുകാരുടേതായിരുന്നു. വിവിധ അക്കൗണ്ടുകളില്‍ നിന്ന് നിക്ഷേപം നടത്തിയതായും ലാഭം ലഭിച്ചതായും കാണിക്കുന്ന വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ ഗ്രൂപ്പില്‍ പ്രചരിപ്പിച്ചാണ് വിശ്വാസം ഉറപ്പിച്ചത്. സംഭവത്തില്‍ സൈബര്‍ ക്രൈം പോലിസ് അന്വേഷണം തുടരുകയാണ്.

Tags: