'തുഴയെറിയാനൊരുങ്ങി'; പുന്നമടക്കായലില്‍ 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്
ആലപ്പുഴ: കേരളത്തിലെ ജലമാമാങ്കമായ നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്. 71-ാമത് നെഹ്‌റു ട്രോഫി മല്‍സരത്തില്‍ രാവിലെ 11 മുതല്‍ ചെറു വള്ളങ്ങളുടെ പ്രാഥമിക മല്‍സരങ്ങളാരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ജലമേള ഉദ്ഘാടനം ചെയ്യുന്നത്. സിംബാംബ്‌വെയില്‍ നിന്നുള്ള ഡപ്യൂട്ടി മന്ത്രി രാജേഷ്‌കുമാര്‍ ഇന്ദുകാന്ത് മോദി വള്ളംകളിയില്‍ അതിഥിയായെത്തും.
ഉച്ചയ്ക്കുരണ്ടിന് ഉദ്ഘാടന സമ്മേളനത്തിനുശേഷം മല്‍സരത്തില്‍ പങ്കെടുക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ മാസ്ഡ്രില്‍ അരങ്ങേറും. വൈകീട്ട് നാലുമണിക്കാണ് ഫൈനല്‍. നാലുലക്ഷത്തോളം കാണികളെത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു കൈയൊപ്പിട്ട വെള്ളി ട്രോഫിയാണ് സമ്മാനം. സി-ഡിറ്റ് തയാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് ഗാലറികളിലേക്ക് പ്രവേശനം.