64ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം: പങ്കാളിത്തമാണ് പ്രധാനം, ജയപരാജയങ്ങള്‍ അപ്രസക്തം'; മോഹന്‍ലാല്‍

Update: 2026-01-18 12:18 GMT

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോല്‍സവം വെറുമൊരു മല്‍സരവേദിയല്ലെന്നും മലയാള സിനിമയ്ക്കും സംഗീതത്തിനും മികച്ച പ്രതിഭകളെ സമ്മാനിച്ച വലിയൊരു പാഠശാലയാണെന്നും നടന്‍ മോഹന്‍ലാല്‍. യുവപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലയുടെ ഏറ്റവും വലിയ ആഘോഷമാണ് കലോല്‍സവം. ഇന്ന് വന്നില്ലായിരുന്നുവെങ്കില്‍ വലിയ നഷ്ടമായേനെ. എല്ലാവിധ ഭാഗ്യങ്ങളും ഒത്തുവന്നതിനാല്‍ പങ്കെടുക്കാനായി എന്ന് മോഹന്‍ലാല്‍ പറഞ്ഞു. 64ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ സമാപന വേദിയില്‍ അതിഥിയായി എത്തിയതായിരുന്നു അദ്ദേഹം.

മലയാള സിനിമയുടേയും സംഗീതത്തിന്റേയും ചരിത്രത്തില്‍ കലോല്‍സവങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മഞ്ജു വാര്യര്‍, നവ്യ നായര്‍, ജി വേണുഗോപാല്‍ അന്തരിച്ച നടി അമ്പിളി അരവിന്ദന്‍ തുടങ്ങിയവര്‍ കലോല്‍സവങ്ങളിലൂടെ വളര്‍ന്നുവന്നവരാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. ഇന്നും പല സംവിധായകരും പുതിയ പ്രതിഭകളെ തേടി കലോല്‍സവവേദികളില്‍ എത്തുന്നുണ്ട്. പാഠപുസ്തകത്തിന് പുറത്ത് ഇത്രയേറെ അനുഭവങ്ങള്‍ സമ്മാനിക്കുന്ന ഇടമില്ല. കലാകാരന്മാരെ കലാകാരികളെ ഈ വേദിയിലേക്ക് മാത്രമായി ചുരുക്കരുതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പങ്കുവെക്കലിന്റെ രസം കുട്ടികളെ ശീലിപ്പിക്കുകയും തോല്‍വിയാണ് വിജയത്തിന്റെ ചവിട്ടുപടിയെന്ന തിരിച്ചറിവ് കുട്ടികള്‍ക്ക് നല്‍കുന്നുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

സാമൂഹികമാധ്യമങ്ങളും ചാനലുകളും ഇല്ലാതിരുന്ന കാലത്ത് കലോല്‍സവങ്ങള്‍ക്കായിരുന്നു താരപ്രഭ ഉണ്ടായിരുന്നത്. തന്റെ സ്‌കൂള്‍ കാലഘട്ടത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ച അദ്ദേഹം തിരുവനന്തപുരം മോഡല്‍ സ്‌കൂളും കോട്ടണ്‍ഹില്ലും തമ്മിലുള്ള മല്‍സരങ്ങളെക്കുറിച്ചും പരാമര്‍ശിച്ചു. കലോല്‍സവ ചരിത്രത്തില്‍ 21 തവണ ഒന്നാം സ്ഥാനം നേടിയ കോഴിക്കോടിന്റെ നേട്ടം എടുത്തുപറഞ്ഞ അദ്ദേഹം തിരുവനന്തപുരവും തൃശൂരും നേടിയ വിജയങ്ങളും ഓര്‍ത്തെടുത്തു. കലയോടുള്ള ആത്മാര്‍പ്പമണം ആത്മാര്‍ഥമാണെങ്കില്‍ അവസരം നിങ്ങളെ തേടിയെത്തും. തന്റെ അനുഭവത്തില്‍ നിന്നാണ് ഇതു പറയുന്നതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ കലാകിരീടം കണ്ണൂരാണ് നേടിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്മാരായ തൃശൂര്‍ രണ്ടാം സ്ഥാനത്തും കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്. 1,028 പോയിന്റുകളുമായാണ് കണ്ണൂര്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. 1,023 പോയിന്റുകളുമായി തൃശൂര്‍ രണ്ടാം സ്ഥാനവും 1,017 പോയിന്റുകളുമായി കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Tags: