കൊൽക്കത്തയിൽ 'നബന്നോ അഭിജൻ' പ്രതിഷേധ മാർച്ചിന് കനത്ത സുരക്ഷ
പശ്ചിമ ബംഗാൾ സർക്കാർ പ്രവർത്തിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റാണ് നബന്നോ. മുഖ്യമന്ത്രിയുടെയും മറ്റ് ഉന്നത മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഓഫീസുകൾ ഇവിടെയുണ്ട്.
കൊല്‍ക്കത്ത: ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നഗരത്തില്‍ ഇന്ന് നടക്കുന്ന 'നബന്നോ അഭിജന്‍' പ്രതിഷേധത്തിനിടെ അക്രമസാധ്യത കണക്കിലെടുത്ത് കൊല്‍ക്കത്ത പോലിസ് വന്‍ സുരക്ഷയൊരുക്കി. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റാണ് നബന്നോ. മുഖ്യമന്ത്രിയുടെയും മറ്റ് ഉന്നത മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഓഫിസുകള്‍ ഇവിടെയുണ്ട്. ആഗസ്ത് 9ന് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ 31 കാരിയായ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നീതി ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥി കൂട്ടായ്മ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചത്.
ക്രമസമാധാനപാലനത്തിനായി 6,000ത്തിലധികം പോലിസുകാരെ വിന്യസിക്കുമെന്നും ബാരിക്കേഡിങിനായി 19 പോയിന്റുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഒരു ഉന്നത ഉദ്യോഗസ്ഥന്‍ എന്‍ഡിടിവിയോട് പറഞ്ഞു. 26 ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍മാരെ വിവിധ സ്ഥലങ്ങളിലായി നിയമിക്കും. ഹേസ്റ്റിങ്‌സ്, ഫര്‍ലോങ് ഗേറ്റ്, സ്ട്രാന്‍ഡ് റോഡ്, ഹൗറ തുടങ്ങിയ സ്ഥലങ്ങളില്‍ രാവിലെ എട്ടിനു തന്നെ വന്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ പണിമുടക്കിലാണ്. സുപ്രിം കോടതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അപ്പീലുകള്‍ അവഗണിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ വിസമ്മതിക്കുകയാണ്.
