ആഭരണങ്ങള്‍ കവര്‍ന്നെടുക്കാന്‍ 60 വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി

Update: 2026-02-04 06:58 GMT

ജയ്പുര്‍: ആഭരണങ്ങള്‍ കവര്‍ന്നെടുക്കുന്നതിനായി വയോധികയെ ക്രൂരമായി കൊലപ്പെടുത്തി. കമല ദേവി (60) യെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ആറര ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി കാല്‍ത്തളങ്ങള്‍ കവര്‍ന്നെടുക്കുന്നതിനായി സ്ത്രീയുടെ കാലുകള്‍ വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രാജസ്ഥാനിലെ കൊഡ്യായി ഗ്രാമത്തിലാണ് സംഭവം.

ഇന്നലെ വൈകുന്നേരം ആടുകളെ മേയ്ക്കാന്‍ പോയ കമല ദേവി വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. തുടര്‍ന്ന് മകന്‍ നടത്തിയ തിരച്ചിലിലാണ് ഗ്രാമത്തില്‍ നിന്ന് ഏകദേശം മൂന്നു കിലോമീറ്റര്‍ അകലെയുള്ള വനപ്രദേശത്ത് വിച്ഛേദിക്കപ്പെട്ട കാലുകളോടെ മൃതദേഹം കണ്ടെത്തിയത്. കമല ദേവി ധരിച്ചിരുന്ന ഏകദേശം 7.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ ലോക്കറ്റ്, കമ്മലുകള്‍, മൂക്കുത്തി എന്നിവയും ശരീരത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതായി കുടുംബം ആരോപിച്ചു. ശരീരത്തിലുണ്ടായിരുന്ന എല്ലാ ആഭരണങ്ങളും കവര്‍ന്ന ശേഷമാണ് അക്രമികള്‍ രക്ഷപ്പെട്ടതെന്ന് പോലിസ് പറഞ്ഞു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലിസ് നീല്‍ കമല്‍ മീനയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പോലിസ് അറിയിച്ചു.

Tags: