60 ശതമാനം സീറ്റുകള്‍ വിമാനയാത്രക്കാര്‍ക്ക് സൗജന്യമായി നല്‍കണമെന്ന നിര്‍ദേശം മരവിപ്പിച്ചു

Update: 2026-04-03 06:05 GMT

ന്യൂഡല്‍ഹി: വിമാനങ്ങളില്‍ കുറഞ്ഞത് 60 ശതമാനം സീറ്റുകള്‍ സീറ്റ് സെലക്ഷന്‍ ചാര്‍ജ് ഇല്ലാതെ നല്‍കണമെന്ന കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം താല്‍ക്കാലികമായി മരവിപ്പിച്ചു. വിമാന ഇന്ധനവില വര്‍ധനയും ആഗോള സംഘര്‍ഷ സാഹചര്യവും പശ്ചാത്തലമാക്കി വിമാനക്കമ്പനികള്‍ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. മാര്‍ച്ച് 17നു പുറത്തിറക്കിയ നിര്‍ദേശപ്രകാരം ഏപ്രില്‍ 20 മുതല്‍ ഈ ചട്ടം നടപ്പിലാക്കാന്‍ ഡിജിസിഎ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ബന്ധം ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരാന്‍ ഇടയാക്കുമെന്നും വരുമാനത്തെ ബാധിക്കുമെന്നും വിമാനക്കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി.

ഇന്‍ഡിഗോ, എയര്‍ ഇന്ത്യ ഗ്രൂപ്പ്, സ്‌പൈസ് ജെറ്റ് എന്നിവയുള്‍പ്പെടെയുള്ള കമ്പനികളും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സും ആകാശ എയറും നല്‍കിയ പരാതികള്‍ പരിഗണിച്ചാണ് മന്ത്രാലയം പിന്മാറിയത്. സൗജന്യ സീറ്റുകള്‍ നിര്‍ബന്ധമാക്കുന്നത് കമ്പനികളുടെ വാണിജ്യ സ്ഥിരതയ്ക്ക് തിരിച്ചടിയാകുമെന്നും നിലവിലെ നിരക്ക് സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്നും ഇവര്‍ വാദിച്ചു. അതേസമയം, യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി സീറ്റ് അലോക്കേഷനില്‍ സുതാര്യത ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചു. ഒരേ പിഎന്‍ആറില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരുമിച്ച് സീറ്റ് ലഭ്യമാക്കണമെന്നും സീറ്റുകളുടെയും മറ്റു സേവനങ്ങളുടെയും ചാര്‍ജുകള്‍ വ്യക്തമായി അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags: