പനാജി: ഗോവയിലെ ക്ഷേത്രത്തിലെ ഘോഷയാത്രയില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. 50 ലധികം പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാന തലസ്ഥാനമായ പനാജിയില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയുള്ള ശ്രീ ദേവി ലൈരായ് ക്ഷേത്രത്തിലാണ് സംഭവം നടന്നത്.
തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിക്കാനുണ്ടായ കൃത്യമായ കാരണം അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.പരിക്കേറ്റവരെ ചികില്‍സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ദുഃഖം രേഖപ്പെടുത്തി.
വടക്കന്‍ ഗോവയിലെ ഷിര്‍ഗാവ് ഗ്രാമത്തില്‍ എല്ലാ വര്‍ഷവും ലൈരായ് ദേവി ജാത്രം എന്ന ഘോഷയാത്ര ഉണ്ടാകും. പാര്‍വതി ദേവിയുടെ അവതാരമായും ഗോവന്‍ നാടോടിക്കഥകളിലെ ഏഴ് സഹോദരി ദേവതകളില്‍ ഒരാളായും വിശ്വസിക്കപ്പെടുന്ന ലൈരായ് ദേവിയെയാണ് ഇവിടെ ആഘോഷിക്കുന്നത്. ഗോവ, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ഭക്തരാണ് ഈ വാര്‍ഷിക ഉല്‍സവത്തില്‍ പങ്കെടുക്കുന്നത്.