ഇറാനില്‍ നിന്നും പെട്രോളിയം വാങ്ങല്‍; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധവുമായി യുഎസ്
വാഷിങ്ടണ്‍: ഇറാനില്‍ നിന്നും പെട്രോളിയം വാങ്ങിയ ആറ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി യുഎസ് സര്‍ക്കാര്‍. പശ്ചിമേഷ്യയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ പെട്രോളിയത്തില്‍ നിന്നുള്ള വരുമാനം ഇറാന്‍ ഉപയോഗിക്കുന്നുവെന്നാണ് യുഎസ് ആരോപിക്കുന്നത്. അതിനാല്‍ ഇറാന്റെ എണ്ണ വ്യാപാരത്തിന് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഉപരോധം ഇന്ത്യന്‍ കമ്പനികള്‍ ലംഘിച്ചുവെന്നാണ് യുഎസ് ഇപ്പോള്‍ ആരോപിക്കുന്നത്. ആല്‍ക്കെമിക്കല്‍ സൊലൂഷന്‍സ്, ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍സ്, ജുപ്പിറ്റര്‍ ഡൈസ്, രാംനിക്കല്‍ എസ് ഗോസാലിയ ആന്‍ഡ് കമ്പനി, പെര്‍സിസ്റ്റന്റ് പെട്രോളിയം, കാഞ്ചിമര്‍ പെട്രോളിയം എന്നീ കമ്പനികള്‍ക്കെതിരെയാണ് ഉപരോധം. ഈ കമ്പനികളുടെ യുഎസിലുള്ള സ്വത്തുക്കളും യുഎസ് പൗരന്‍മാര്‍ കൈകാര്യം ചെയ്യുന്ന സ്വത്തുക്കളും മരവിപ്പിക്കും.