രാജ്യത്ത് 58,929 വഖ്ഫ് സ്വത്തുക്കള്‍ കൈയ്യേറ്റം ചെയ്യപ്പെട്ടെന്ന് കേന്ദ്രസര്‍ക്കാര്‍

കര്‍ണാടകത്തില്‍ മാത്രം 869 വഖ്ഫ് സ്വ്ത്തുക്കള്‍ കൈയ്യേറ്റം ചെയ്യപ്പെട്ടെന്ന പരാതിയുണ്ട്. ഇക്കാര്യങ്ങളില്‍ അടിയന്തരനടപടികള്‍ സ്വീകരിക്കും.

Update: 2024-11-28 13:40 GMT

ന്യൂഡല്‍ഹി: രാജ്യത്ത് 58,929 വഖ്ഫ് സ്വത്തുക്കള്‍ കൈയ്യേറ്റം ചെയ്യപ്പെട്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. ബിജെപി എംപിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബാസവരാജ് ബൊമ്മെ വഖ്ഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട് നല്‍കിയ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. കര്‍ണാടകത്തില്‍ മാത്രം 869 വഖ്ഫ് സ്വ്ത്തുക്കള്‍ കൈയ്യേറ്റം ചെയ്യപ്പെട്ടെന്ന പരാതിയുണ്ട്. ഇക്കാര്യങ്ങളില്‍ അടിയന്തരനടപടികള്‍ സ്വീകരിക്കും.

വഖ്ഫ് സ്വത്തുമായി ബന്ധപ്പെട്ട പരാതികള്‍ സാധാരണഗതിയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സംസ്ഥാനങ്ങളിലെ വഖ്ഫ് ബോര്‍ഡുകള്‍ക്കുമാണ് കൈമാറാറെന്നും കിരണ്‍ റിജിജു പറഞ്ഞു. കൈയ്യേറ്റങ്ങള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കാന്‍ വഖ്ഫ് നിയമത്തിലെ 54, 55 വകുപ്പുകള്‍ അവര്‍ക്ക് അധികാരം നല്‍കുന്നുണ്ട്. വഖ്ഫ് നിയമത്തിലെ 51(1-എ) പ്രകാരം വഖ്ഫ് സ്വത്ത് വില്‍ക്കുന്നതും സമ്മാനമായി നല്‍കുന്നതും പകരം വക്കുന്നതും പണയം വക്കുന്നതും നിയമവിരുദ്ധമാണ്. ഇത്തരം പ്രവൃത്തികളെല്ലാം ചെയ്യുമ്പോള്‍ തന്നെ നിയമവിരുദ്ധമാണ്. വഖ്ഫ് സ്വത്തുകള്‍ക്ക് സംരക്ഷണം നല്‍കാനാണ് ഈ വ്യവസ്ഥ കൊണ്ടുവന്നിരിക്കുന്നത്.

വഖ്ഫ് നിയമത്തിലെ 56ാം വകുപ്പിന് കീഴില്‍ 2014ല്‍ കൊണ്ടുവന്ന ചട്ടം വഖ്ഫ് സ്വത്ത് സുരക്ഷിതമായി വാടകക്ക് കൊടുക്കാനും അനുമതി നല്‍കുന്നു. സ്വത്ത് കാര്യക്ഷമമായി ഉപയോഗിക്കാന്‍ ഇത് സഹായിക്കുന്നു. വഖ്ഫ് സ്വത്ത് കൈയ്യേറ്റം തടയാന്‍ സംസ്ഥാനസര്‍ക്കാരുള്‍ക്കൊപ്പം കേന്ദ്രസര്‍ക്കാരിനും ബാധ്യതയുണ്ടെന്നും റിജിജു പറഞ്ഞു.

അതേസമയം, തെലങ്കാന സംസ്ഥാനത്തെ വഖ്ഫ് ബോര്‍ഡ് കൈയേറ്റം ചെയ്യപ്പെട്ട 55,000 ഏക്കര്‍ ഭൂമി തിരികെ പിടിക്കാന്‍ 3,500 കേസുകള്‍ നടത്തുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലായി തെലങ്കാനയിലെ 75 ശതമാനം വഖ്ഫ് സ്വത്തുകളും അന്യാധീനപ്പെട്ടു കഴിഞ്ഞു.

രംഗറെഡ്ഡി, മെഡ്ച്ചാല്‍, മല്‍കാജ്ഗിരി, മഹബൂബ് നഗര്‍, സംഗറെഡ്ഡി, നിസാമാബാദ് ജില്ലകളിലാണ് കൂടുതല്‍ സ്വത്ത് അന്യാധീനപ്പെട്ടിരിക്കുന്നത്. ലക്ഷക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് ഇത് മൂലമുണ്ടായിരിക്കുന്നത്.

Tags: