'പല മൃതദേഹങ്ങളും അഴുകിയ നിലയില്‍'; 45 ഫലസ്തീനികളുടെ മൃതദേഹം കൂടി ഗസയിലെത്തി
ഗസ: മുന്‍പ് ഇസ്രായേല്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന 45 ഫലസ്തീനികളുടെ മൃതദേഹം ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആര്‍സി) വഴി ഗസയിലെത്തി. ഇതോടെ അമേരിക്കയുടെ മധ്യസ്ഥതയില്‍ ഉണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം തിരികെ ലഭിച്ച ആകെ മൃതദേഹങ്ങളുടെ എണ്ണം 90 ആയി. എന്നാല്‍ അവയില്‍ പലതിലും പീഡനത്തിന്റെ ഭയാനകമായ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.
മൃതദേഹങ്ങളില്‍ കണ്ണുകെട്ടുകളും കൈവിലങ്ങുകളും ഉള്‍പ്പെടെയുള്ള അസ്വസ്ഥത ഉളവാക്കുന്ന തെളിവുകള്‍ ഫോറന്‍സിക് വിദഗ്ധര്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പല മൃതദേഹങ്ങളും അഴുകിയ നിലയിലുള്ളതാണ്. ചില മൃതദേഹത്തില്‍ കൈകാലുകളോ പല്ലുകളോ ഇല്ല. മറ്റുള്ളവയില്‍ പലതിലും മണലും പൊടിയും കാണാമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. 'പീഡനത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ട്,' നാസര്‍ ആശുപത്രിയില്‍ മൃതദേഹങ്ങള്‍ സ്വീകരിക്കുന്ന കമ്മീഷന്‍ അംഗം സമേഹ് ഹമദ് പറഞ്ഞു.