കടുവയുടെ ആക്രമണത്തില്‍ 41കാരന്‍ മരിച്ച സംഭവം; പ്രതിഷേധവുമായി നാട്ടുകാര്‍
കാളികാവ്: മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടില്‍ റബ്ബര്‍ ടാപ്പിങ്ങിന് പോയ തൊഴിലാളിയെ കടുവ പിടിച്ച സംഭവത്തില്‍ സ്ഥലത്ത് വന്‍ പ്രതിഷേധം. മൃതദേഹം പ്രദേശത്തു നിന്നു മാറ്റാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ പ്രതികരണം. സ്ഥലത്തെത്തിയ ഡിഎഫ്ഒയെ നാട്ടുകാര്‍ തടഞ്ഞു. നേരത്തെയും കടുവയുടെ ആക്രമണം ഇവിടെയുണ്ടായിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ കടുവയെ കൊല്ലണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇനി വാക്കാലുള്ള ഉറപ്പിനു വഴങ്ങില്ലെന്നും രേഖയിലുള്ള ഉറപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ഇന്ന് രാവിലെയാണ് ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുല്‍ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. റാവുത്തന്‍കാവ് ഭാഗത്ത് സ്ലോട്ടര്‍ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ് സംഭവം. രാവിലെ ആറരയോടെ റബ്ബര്‍ ടാപ്പിങ്ങിന് പോയപ്പോള്‍ കടുവ ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു.
ഗഫൂറിനെ കടുവ കടിച്ചു കൊണ്ടുപോവുന്നതു കണ്ടുവെന്ന് മറ്റൊരു ടാപ്പിങ് തൊഴിലാളി സമദാണ് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്നു നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സമദും ഗഫൂറിനൊപ്പം തോട്ടത്തിലുണ്ടായിരുന്നു. ഇരുവരെയും കടുവ ആക്രമിക്കാന്‍ ഓടിയടുത്തു. ഗഫൂറിനെ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടു പോയതായാണ് പറയുന്നത്. വനാതിര്‍ത്തിയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരെയാണ് സംഭവം നടന്നത്. ഗതാഗത സൗകര്യങ്ങള്‍ കുറവുള്ളതിനാല്‍ നടന്നാണ് വനപാലകരും പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയത്. മൃതദേഹം ഇവിടെ നിന്നും നീക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞ് നാട്ടുകാര്‍ സംഘടിച്ചിരിക്കുകയാണ്.
