ഡല്‍ഹിയില്‍ കനത്ത മഴ; നാലു മരണം (വീഡിയോ)

Update: 2025-05-02 05:14 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയും പൊടിക്കാറ്റും തുടരുന്നു. ശക്തമായ കാറ്റില്‍ മരം വീണു ഒരു സ്ത്രീയും മൂന്ന് കുട്ടികളും മരിച്ചു. മഴയെത്തുടര്‍ന്ന് 120 ഓളം വിമാനങ്ങള്‍ വൈകി.

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നതിനു മുമ്പ് മൂന്ന് വിമാനങ്ങള്‍ അഹമ്മദാബാദിലേക്കും ജയ്പൂരിലേക്കും തിരിച്ചുവിട്ടു. ബാംഗ്ലൂര്‍-ഡല്‍ഹി വിമാനവും പൂനെ-ഡല്‍ഹി വിമാനവും ജയ്പൂരിലേക്ക് തിരിച്ചുവിട്ടു. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന 20 ലധികം വിമാനങ്ങള്‍ വൈകിയാണ് ഓടുന്നത്. ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണതിനെ തുടര്‍ന്ന് ഡല്‍ഹി ഡിവിഷനിലെ 15 മുതല്‍ 20 വരെ ട്രെയിനുകള്‍ വൈകി.

ദ്വാരക, ഖാന്‍പൂര്‍, സൗത്ത് എക്സ്റ്റന്‍ഷന്‍ റിംഗ് റോഡ്, മിന്റോ റോഡ്, ലജ്പത് നഗര്‍, മോത്തി ബാഗ് തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത വെളളക്കെട്ട് നില നില്‍ക്കുകയാണ്. ഡല്‍ഹിയിലുടനീളം കനത്ത മഴ, കൊടുങ്കാറ്റ്, മണിക്കൂറില്‍ 70-80 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് എന്നിവ ഉണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Tags: