37 സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഇന്ന്; ശരദ് പവാറടക്കം 26 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

11 സീറ്റുകളിലേക്ക് വോട്ടെടുപ്പ്, രാത്രിയോടെ ഫലം പുറത്തുവരും

Update: 2026-03-16 03:47 GMT

ന്യൂഡല്‍ഹി: 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം നാല് മണി വരെ തുടരും. വൈകുന്നേരം അഞ്ചിന് വോട്ടെണ്ണല്‍ ആരംഭിച്ച് രാത്രിയോടെ ഫലങ്ങള്‍ പുറത്തുവരും. എന്‍സിപി (എസ്പി) അധ്യക്ഷന്‍ ശരദ് പവാര്‍ ഉള്‍പ്പെടെ 26 സ്ഥാനാര്‍ഥികള്‍ നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബാക്കിയുള്ള 11 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. ബിഹാറിലെ അഞ്ചും ഒഡീഷയിലെ നാലും ഹരിയാനയിലെ രണ്ടും സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ബിഹാറില്‍ നാലെണ്ണത്തില്‍ എന്‍ഡിഎ ജയം ഉറപ്പിച്ചതാണ്. മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഒരു സീറ്റില്‍ ഇന്ത്യ മുന്നണിയും എന്‍ഡിഎയും തമ്മില്‍ ശക്തമായ മല്‍സരമാണ് നടക്കുന്നത്. ഒഡീഷയിലെ രണ്ടു സീറ്റിലും ഹരിയാനയിലെ ഒരു സീറ്റിലും മല്‍സരം നടക്കും.