''നിയന്ത്രണരേഖയില്‍ 35-40 പാക് സൈനികര്‍ കൊല്ലപ്പെട്ടു; ഇന്ത്യന്‍ പൈലറ്റുമാരെല്ലാം സുരക്ഷിതരായി മടങ്ങിയെത്തി''
ന്യൂഡല്‍ഹി: നിയന്ത്രണ രേഖയില്‍ 35-40 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇന്ത്യന്‍ സൈന്യം. മേയ് ഏഴിനും പത്തിനും ഇടയില്‍ നടന്ന ആക്രമണങ്ങളില്‍ ഇത് സംഭവിച്ചിരിക്കാമെന്നാണ് ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എയര്‍ മാര്‍ഷല്‍ എ കെ ഭാരതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.പാകിസ്താനിലെ ഒമ്പത് കേന്ദ്രങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 100 'തീവ്രവാദികള്‍' കൊല്ലപ്പെട്ടെന്ന് ഡിജിഎംഒ ലെഫ്റ്റനന്റ് കേണല്‍ രാജീവ് ഗായും പറഞ്ഞു. പുല്‍വാമ ആക്രമണം, കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍ തുടങ്ങിയവയില്‍ പങ്കെടുത്ത യൂസുഫ് അസ്ഹര്‍, അബ്ദുല്‍ മാലിക് റഔഫ്, മുദാസിര്‍ അഹമദ് എന്നിവര്‍ കൊല്ലപ്പെട്ടു.
പാകിസ്ഥാനിലെ വ്യോമതാവളങ്ങളും റഡാര്‍ സ്‌റ്റേഷനുകളും തകര്‍ത്തു. റഫീഖി, ചുനിയാന്‍, സര്‍ഗോധ, റഹിംയാര്‍ഖാന്‍, സുക്കൂര്‍, ഭോലാരി, ജക്കോബാബാദ് അടക്കമുള്ള വ്യോമതാവളങ്ങളും പസ്‌രുരിലെ റഡാര്‍ കേന്ദ്രവും തകര്‍ത്തതായി എയര്‍മാര്‍ഷല്‍ എ കെ ഭാരതി പറഞ്ഞു. പാകിസ്താന്റെ എഫ് 16, ജെഎഫ് 17 യുദ്ധവിമാനങ്ങള്‍ സ്ഥിതി ചെയ്യുന്ന താവളമാണ് സര്‍ഗോധ. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ച് വെളിപ്പെടുത്താനാകില്ല. ശത്രുവിന് കനത്ത തിരിച്ചടി നല്‍കി. ചില പാക് വിമാനങ്ങള്‍ തകര്‍ത്തു. എത്ര എണ്ണമാണെന്ന് ഈ ഘട്ടത്തില്‍ വെളിപ്പെടുത്തുന്നില്ല. പാക് വിമാനങ്ങള്‍ തകര്‍ത്തതിനെക്കുറിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരും. ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനം പാകിസ്താന്‍ വെടിവച്ചിട്ടോ എന്ന ചോദ്യത്തിന് പൈലറ്റുമാരെല്ലാം സുരക്ഷിതരായി തിരിച്ചെത്തിയെന്ന് സൈനികനേതൃത്വം മറുപടി നല്‍കി.
