ക്രിസ്ത്യാനികള്‍ക്കെതിരേ ഈ വര്‍ഷം നടന്നത് 334 ആക്രമണങ്ങള്‍

Update: 2025-08-05 06:41 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ക്രിസ്ത്യാനികള്‍ക്കെതിരേ ഈ വര്‍ഷം 334 ആക്രമണങ്ങള്‍ നടന്നെന്ന് റിലീജ്യസ് ലിബര്‍ട്ടി കമ്മീഷന്‍ ഓഫ് ദി ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ റിപോര്‍ട്ട്. ജനുവരി മുതല്‍ ജൂലൈ വരെയാണ് ഇത്രയും സംഭവങ്ങള്‍ നടന്നിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ 95ഉം ഛത്തീസ്ഗഡില്‍ 86ഉം അതിക്രമങ്ങള്‍ നടന്നു. മധ്യപ്രദേശ് (22), ബിഹാര്‍(17), കര്‍ണാടക(17), രാജസ്ഥാന്‍(15), ഹരിയാന(15), എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപുറകില്‍ വരുന്നത്.

നേരിട്ടുള്ള പീഡനങ്ങള്‍ക്ക് പുറമെ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന നിയമപരമായ പീഡനങ്ങളും ക്രിസ്ത്യന്‍ കുടുംബങ്ങള്‍ നേരിടേണ്ടി വരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയല്‍ നിയമങ്ങളെ ക്രിസ്ത്യാനികളെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും വ്യാജ കേസുകളില്‍ പെടുത്താനും ഉപയോഗിക്കുന്നു. ക്രിസ്ത്യാനികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ മൂന്നില്‍ രണ്ടും ഇത്തരം നിയമങ്ങളുമായി ബന്ധപ്പെട്ടതാണ്. ക്രിസ്ത്യാനികളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടയുന്ന 13 സംഭവങ്ങള്‍ ഛത്തീസ്ഗഡില്‍ മാത്രമുണ്ടായി. ഞായറാഴ്ചകളിലെ പ്രാര്‍ത്ഥനകളും പലയിടങ്ങളും തടസപ്പെടുത്തുകയാണ്. ജയിലില്‍ പൂട്ടിയിടുന്ന പാസ്റ്റര്‍മാരെ വാര്‍ഡന്‍മാര്‍ പട്ടിക കൊണ്ടു മറ്റും മര്‍ദ്ദിക്കുന്നു.

2024ല്‍ ക്രിസ്ത്യാനികള്‍ക്കെതിരേ 834 അതിക്രമങ്ങള്‍ നടന്നതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം കണ്ടെത്തിയിരുന്നു. ഇത് 2023നേക്കാള്‍ വളരെ അധികമായിരുന്നു. എന്നാല്‍, അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തില്‍ ക്രിസ്ത്യാനികളെ അടുത്തുനിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നു. അതിനാലാണ് ഛത്തീസ്ഗഡില്‍ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ അവരെ രക്ഷിക്കാനെന്ന പേരില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയത്.