കൊളംബോ: ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) നല്‍കുന്ന 300 മില്യണ്‍ യുഎസ് ഡോളര്‍ സാമ്പത്തിക സഹായത്തിന് ശ്രീലങ്ക കരാറുകളില്‍ ഒപ്പുവച്ചു. മാക്രോ ഇക്കണോമിക് പ്രതിരോധം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസന പദ്ധതികള്‍ക്കും ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് ധനസഹായം വിനിയോഗിക്കുന്നത്.
മൂന്നുഘട്ടങ്ങളിലായി ഫണ്ട് അനുവദിക്കുമെന്ന് രാജ്യത്തെ ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ധനകാര്യ മന്ത്രാലയം സെക്രട്ടറി ഡോ. ഹര്‍ഷണ സൂര്യപ്പെരുമയും എഡിബിയുടെ കണ്‍ട്രി ഡയറക്ടര്‍ തകഫുമി കഡോനോയും കൊളംബോയില്‍ വച്ചാണ് കരാറുകള്‍ കൈമാറ്റം നടത്തിയത്. ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിയന്ത്രണ ശക്തി വര്‍ധിപ്പിക്കലാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടാതെ, കിഴക്കന്‍ തുറമുഖമായ ട്രിങ്കോമലിയിലും യുനെസ്‌കോ പൈതൃക പദവി നേടിയ സിഗിരിയയിലും ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ഫണ്ടിന്റെ ഒരു പങ്ക് മാറ്റിവെക്കുന്നതായും മന്ത്രാലയം അറിയിച്ചു.
2022ലെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ വിദേശനാണ്യക്കുറവ്, ഉയര്‍ന്ന പണപ്പെരുപ്പം, വായ്പാ വീഴ്ചകള്‍ എന്നിവയെ അതിജീവിച്ച് സമ്പദ് വ്യവസ്ഥ പുനസ്ഥാപിക്കാന്‍ ശ്രീലങ്ക നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ സഹായം ലഭിക്കുന്നത്.