തുടര്‍ച്ചയായി 30 കേസുകള്‍; ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി അലഹബാദ് ഹൈക്കോടതി ജഡ്ജി

Update: 2026-02-28 06:48 GMT

ലഖ്‌നോ: തുടര്‍ച്ചയായി 30 കേസുകള്‍ കേട്ടതിനെ തുടര്‍ന്ന് കോടതിയില്‍ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി അലഹബാദ് ഹൈക്കോടതി ജഡ്ജി. വിധി പ്രസ്താവിക്കാന്‍ താന്‍ പ്രാപ്തനല്ലെന്നും അതിനാല്‍ വിധി മാറ്റിവക്കുന്നതായും ജസ്റ്റിസ് സുഭാഷ് വിദ്യര്‍ഥി അറിയിച്ചു.

രാവിലെ ആരംഭിച്ച വിചാരണ രാത്രി ഏഴു മണിവരെ നീണ്ടു. 92 പുതിയ കേസുകള്‍, 101 സാധാരണ കേസുകള്‍, 39 വിവിധ അപേക്ഷകള്‍, അഡീഷണല്‍ ലിസ്റ്റിലെ മൂന്നു കേസുകള്‍ എന്നിവ ഉള്‍പ്പെടെ ആകെ 235 കേസുകളാണ് അന്നേദിവസം വാദം കേള്‍ക്കാന്‍ പട്ടികപ്പെടുത്തിയിരുന്നത്. മുപ്പതാമത്തെ കേസ് സുപ്രിംകോടതി പുനപരിശോധനയ്ക്കായി ഹൈക്കോടതിയിലേക്ക് അയച്ചതായിരുന്നു. ആ കേസില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചതോടെ നടപടികള്‍ രാത്രി വരെ നീണ്ടു.

2025ല്‍ ഒരു ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനെതിരേ സമര്‍പ്പിച്ച ഹരജിയുമായി ബന്ധപ്പെട്ട കേസായിരുന്നു. 2025 മെയ് മാസത്തില്‍ ഹൈക്കോടതി ഡിആര്‍ടി ഉത്തരവ് റദ്ദാക്കി വിഷയം പുതുതായി പരിഗണിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന്, എതിര്‍കക്ഷിയുടെ വാദം കേള്‍ക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 25നു സുപ്രിംകോടതി ഉത്തരവ് റദ്ദാക്കി. ഹരജിയില്‍ എത്രയും വേഗം തീരുമാനം എടുക്കണമെന്ന് സുപ്രിംകോടതി ഹൈക്കോടതിയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആ നിര്‍ദേശിച്ച കാലാവധി ചൊവ്വാഴ്ച അവസാനിക്കുകയായിരുന്നു.

തുടര്‍ച്ചയായ വാദം കേള്‍ക്കലിനിടെ ജഡ്ജിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു.'എനിക്ക് വിശപ്പും തളര്‍ച്ചയും അനുഭവപ്പെടുന്നു. വിധി പറയാന്‍ ശാരീരികമായി പ്രാപ്തനല്ല. അതിനാല്‍ വിധി മാറ്റിവെക്കുന്നു,' എന്ന് ജസ്റ്റിസ് സുഭാഷ് വിദ്യര്‍ഥി പറഞ്ഞു.

Tags: