6 കോടിയുടെ തിമിംഗല ഛര്‍ദ്ദിയുമായി മലയാളി യുവാക്കള്‍ ഗോവയില്‍ പിടിയില്‍

Update: 2024-02-17 09:51 GMT

മഡ്ഗാവ്: ഗോവയില്‍ ആറു കോടിയോളം വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിയുമായി രണ്ടു മലയാളികള്‍ പിടിയില്‍. അരുണ്‍ രാജന്‍, നിബിന്‍ വര്‍ഗീസ് എന്നിവരാണ് പിടിയിലായത്. കേരളത്തിലേക്ക് ട്രെയിന്‍ കാത്തു നില്‍ക്കുമ്പോഴായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. 164 കിലോഗ്രാം ആംബര്‍ഗ്രീസാണ് കൊങ്കണ്‍ പൊലീസ് ഇവരില്‍ നിന്ന് പിടികൂടിയത്. കൊങ്കണ്‍ പോലിസും റെയില്‍വേ പോലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മലയാളി യുവാക്കള്‍ കുടുങ്ങിയത്. 25നും 30നും ഇടയില്‍ പ്രായമുള്ള രണ്ട് യുവാക്കള്‍ ആംബര്‍ഗ്രീസുമായി റെയില്‍വേ സ്‌റ്റേഷനിലെത്തുമെന്ന രഹസ്യ വിവരത്തേ തുടര്‍ന്നാണ് പോലിസ് പരിശോധന കര്‍ശനമാക്കിയത്. കാര്‍ട്ടനിലാക്കി സൂക്ഷിച്ച നിലയിലാണ് ഇവരില്‍ നിന്ന് ആംബര്‍ഗ്രീസ് കണ്ടെത്തിയത്. ഇവരെത്തുന്ന സമയം അടക്കമുള്ള വിവരം രഹസ്യ വിവരത്തില്‍ പോലിസിന് ലഭിച്ചിരുന്നു. 30കാരനായ അരുണ്‍ രാജനേയും 29കാരനായ നിബിന്‍ വര്‍ഗീസിനേയും 5 ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സംയുക്ത സംഘത്തിനൊപ്പമുണ്ടായിരുന്നു.

    1972ലെ വനം വന്യജീവി സംരക്ഷണ നിയമപ്രകാരം ആംബര്‍ഗ്രീസ് കയ്യില്‍ സൂക്ഷിക്കുന്നതും വില്‍പന നടത്തുന്നതും കുറ്റകരമാണ്. മരുന്നിനും വിലയേറിയ പെര്‍ഫ്യൂമുകളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ആംബര്‍ഗ്രീസിന് വിപണിയില്‍ നിരവധി ആവശ്യക്കാരാണുള്ളത്. മലയാളി യുവാക്കള്‍ക്ക് ആംബര്‍ഗ്രീസ് ലഭിച്ചത് എവിടെ നിന്നാണെന്നുള്ള വിവരം അന്വേഷിക്കുകയാണെന്നാണ് കൊങ്കണ്‍ പൊലീസ് വിശദമാക്കുന്നത്.

Tags: