നാഗാലാന്‍ഡിലേക്ക് പെര്‍മിറ്റില്ലാതെ പോയ മൂന്നു അസംകാര്‍ക്ക് മര്‍ദ്ദനമേറ്റു
കൊഹിമ: നാഗാലാന്‍ഡിലേക്ക് പെര്‍മിറ്റില്ലാതെ കടന്നെന്ന് ആരോപിച്ച് മൂന്നു അസം സ്വദേശികളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. അസമും നാഗാലാന്‍ഡും തമ്മില്‍ അതിര്‍ത്തിതര്‍ക്കം നിലനില്‍ക്കുന്ന മേരാപാനി പ്രദേശത്താണ് സംഭവം. അസമിലെ ഗോലഘാട്ടും നാഗാലാന്‍ഡിലെ വോഖ ജില്ലയും അതിര്‍ത്തി പങ്കിടുന്നുണ്ട്. ഈ സ്ഥലത്തെ പ്രശ്‌നബാധിത പ്രദേശമായി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അസമിലെ ഗോലഘാട്ട് ജില്ലയില്‍ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ ബലം പ്രയോഗിച്ച് പുറത്താക്കുന്നതിനാല്‍ മേരാപാനി അടക്കമുള്ള പ്രദേശങ്ങളില്‍ നാഗാലാന്‍ഡ് സര്‍ക്കാര്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ചിട്ടുണ്ട്.
ഗോലഘാട്ടിലെ രംഗ്മ പ്രദേശത്ത് നിന്നും 2,500 മുസ്‌ലിം കുടുംബങ്ങളെയാണ് അസം സര്‍ക്കാര്‍ കുടിയൊഴിപ്പിച്ചിരിക്കുന്നത്. കുടിയൊഴിപ്പിക്കപ്പെട്ട മുസ്‌ലിംകള്‍ നാഗാലാന്‍ഡിലേക്ക് കടക്കുമോ എന്നാണ് സര്‍ക്കാര്‍ നിരീക്ഷിക്കുന്നത്. അതിനിടെയാണ് ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ഔദ്യോഗിക അതിര്‍ത്തിക്ക് അടുത്ത്, അസമില്‍ താമസിക്കുന്ന മൂന്നുപേര്‍ വോഖയിലെ ചില സ്ഥലങ്ങള്‍ കാണാന്‍ പുറപ്പെട്ടത്. അതിര്‍ത്തി എത്തിയപ്പോള്‍ തന്നെ എയര്‍ ഗണ്ണുകളുമായി നാഗാ വിഭാഗക്കാര്‍ അവരെ തടഞ്ഞു. ആധാര്‍ കാര്‍ഡും ഇന്നര്‍ ലൈന്‍ പെര്‍മിറ്റും കാണിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ഇത് കാണിക്കാതെ വന്നപ്പോള്‍ എയര്‍ഗണ്‍ കൊണ്ട് മര്‍ദ്ദിച്ചു. സംഘത്തിലെ പ്രകാശ് ബസുമതാരി എന്ന യുവാവിന് വെടിയുമേറ്റു. സംഭവത്തില്‍ വോഖ പോലിസ് കേസെടുത്തിട്ടുണ്ട്.
