35കാരന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 29 സ്റ്റീല്‍ സ്പൂണുകളും 19 ടൂത്ത് ബ്രഷുകളും
ലഖ്‌നോ: 35കാരന്റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 29 സ്റ്റീല്‍ സ്പൂണുകളും 19 ടൂത്ത് ബ്രഷുകളും രണ്ടുപേനകളും. ഉത്തര്‍പ്രദേശിലെ ലഹരി വിമുക്ത കേന്ദ്രത്തില്‍ ചികില്‍സയിലായിരുന്ന സച്ചിന്‍ എന്ന യുവാവാണ് സ്റ്റീല്‍ സ്പൂണുകളടങ്ങുന്ന വിവിധ വസ്തുക്കള്‍ വിഴുങ്ങിയത്. ഭക്ഷണം നല്‍കുന്നതിന്റെ അളവു കുറഞ്ഞതാണ് ഇതിനുകാരണെമെന്നാണ് യുവാവ് പറയുന്നത്.
'ദിവസം മുഴുവന്‍ ഞങ്ങള്‍ക്ക് വളരെ കുറച്ച് പച്ചക്കറികളും കുറച്ച് ചപ്പാത്തിയും മാത്രമേ നല്‍കുമായിരുന്നുള്ളൂ. വീട്ടില്‍ നിന്ന് എന്തെങ്കിലും വന്നാല്‍, മിക്കതും ഞങ്ങളുടെ അടുത്തേക്ക് എത്തില്ലായിരുന്നു. ചിലപ്പോള്‍ ഒരു ദിവസം ഒരു ബിസ്‌കറ്റ് മാത്രമേ ഞങ്ങള്‍ക്ക് ലഭിക്കുമായിരുന്നുള്ളൂ,' യുവാവ് പറഞ്ഞു. എന്നാല്‍ മയക്കുമരുന്നിന് അടിമയായിരുന്ന യുവാവ് ദേഷ്യം വരുമ്പോഴാണ് സ്പൂണുകളും ടൂത്ത് ബ്രഷുകളും വിഴുങ്ങുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
അള്‍ട്രാസൗണ്ട്, സിടി സ്‌കാന്‍ മുതലായ പരിശോധനയിലാണ് വയറ്റിലുള്ള വസ്തുക്കള്‍ കണ്ടെത്തിയത്. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ അവ നീക്കം ചെയ്യുകയായിരുന്നു. ഇത്തരം കേസുകള്‍ പലപ്പോഴും മാനസിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സച്ചിനെ ചികില്‍സിച്ച ഡോ. ശ്യാം കുമാര്‍ വ്യക്തമാക്കി.