ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട 25കാരി സുനാലി ഇന്ത്യയിലെത്തി (വീഡിയോ)

Update: 2025-12-06 06:55 GMT

കൊല്‍ക്കത്ത: അനധികൃത കുടിയേറ്റക്കാരിയാണെന്ന് ആരോപിച്ച് ഈ വര്‍ഷം ആദ്യം ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട പശ്ചിമ ബംഗാളില്‍ നിന്നുള്ള ഗര്‍ഭിണിയായ മുസ് ലിം സ്ത്രീ ഇന്ത്യയിലേക്ക് മടങ്ങി. സുപ്രിംകോടതി ഇടപെടലിനെത്തുടര്‍ന്നാണ് നീക്കം. അതിര്‍ത്തി സുരക്ഷാ സേനയും (ബിഎസ്എഫ്) ബംഗ്ലാദേശ് അതിര്‍ത്തി ഗാര്‍ഡും (ബിജിബി) തമ്മിലുള്ള ഫ്‌ലാഗ് മീറ്റിംഗിന് ശേഷം മാള്‍ഡ ജില്ലയിലെ മെഹാദിപൂര്‍ അതിര്‍ത്തി ഔട്ട്പോസ്റ്റ് വഴിയാണ് 25 കാരിയായ സുനാലി ഖാത്തൂണ്‍ തന്റെ എട്ട് വയസ്സുള്ള മകനോടൊപ്പം ഇന്ത്യയില്‍ തിരിച്ചെത്തിയത്.

ജൂണ്‍ 26 നാണ് തടങ്കലില്‍ പാര്‍പ്പിച്ചതിന് ഏകദേശം ഒരു ആഴ്ചയ്ക്ക് ശേഷം സുനാലി, ഭര്‍ത്താവ് ഡാനിഷ് ഷെയ്ഖ്, മകന്‍, മറ്റൊരു സ്ത്രീ സ്വീറ്റി ബീബി (32), പതിനാറും ആറും വയസ്സുള്ള രണ്ട് കുട്ടികള്‍ എന്നിവരെ ഡല്‍ഹി പോലിസ് ഇവരെ നാടുകടത്തിയത്. നാടുകടത്തല്‍ സമയത്ത് സുനാലി ഗര്‍ഭിണിയായിരുന്നു.

ശേഷിക്കുന്ന നാല് കുടുംബാംഗങ്ങളുടെ പൗരത്വം ഇതുവരെയും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഡാനിഷ്, സ്വീറ്റി ബീബി, കുട്ടികള്‍ എന്നിവര്‍ ബംഗ്ലാദേശില്‍ തന്നെ തുടരുന്ന സാഹചര്യമാണുള്ളത്.

ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നും തന്റെ ഭര്‍ത്താവിനെയും സുരക്ഷിതമായി തിരികെ കൊണ്ടുവരണമെന്നാണ് ആഗ്രഹമെന്നും അതിര്‍ത്തി കടന്ന ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച സുനാലി ഖാത്തൂണ്‍ പറഞ്ഞു.

ബംഗാളി സംസാരിക്കുന്ന മുസ് ലിംകള്‍ക്കെതിരായ വ്യവസ്ഥാപരമായ പക്ഷപാതം സംബന്ധിച്ച ആരോപണങ്ങള്‍ സര്‍ക്കാരിനെതിരേ നിലനില്‍ക്കെയാണ് ഈ സംഭവം. പലപ്പോഴും ബംഗാളി സംസാരിക്കുന്നവരെ 'ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍' എന്ന് മുദ്രകുത്തുന്ന സര്‍ക്കാര്‍ നടപടി ഭയാനകമാണെന്ന് സാമൂഹിക പ്രവര്‍ത്തകരടക്കം പറയുന്നു.

Tags: