കടലുണ്ടി ട്രെയിൻ ദുരന്തത്തിന്​ 23 വർഷം; കാരണങ്ങൾ ഇന്നും ദുരൂഹതയായി തുടരുന്നു

Update: 2024-06-22 05:59 GMT

കേരളത്തെ നടുക്കിയ കടലുണ്ടി ട്രെയിന്‍ ദുരന്തത്തിന് ഇന്ന് 23 വര്‍ഷം . കാരണങ്ങള്‍ ഇന്നും ദുരൂഹതയായി തുടരുന്നു. ട്രെയിന്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മുന്‍കാലങ്ങളില്‍ നടന്ന ദുരന്തങ്ങളുടെ സത്യസന്ധമായ അന്വേഷണ റിപോര്‍ട്ട് പുറത്തുവിടാതെ ഇന്ത്യന്‍ റെയില്‍വേ. 52 പേരുടെ ജീവന്‍ നഷ്ടപ്പെട്ട കടലുണ്ടി ട്രെയിന്‍ ദുരന്തത്തെ ക്കുറിച്ച് മിനിറ്റുകള്‍ക്കകം അന്വേഷണത്തിന് ഉത്തരവിട്ട് 23 വര്‍ഷമായിട്ടും ദുരന്തകാരണം വ്യക്തമാക്കാന്‍ കഴിയാതെ റെയില്‍വേ ഇരുട്ടില്‍ ഇന്നും തപ്പുകയാണ്.

കോരിചൊരിയുന്ന മഴയത്ത് 2001 ജൂണ്‍ 22 വൈകുന്നേരം അഞ്ചരക്കുശേഷമായിരുന്നു കടലുണ്ടി പുഴയിലേക്ക് മദ്രാസ്സ് മെയില്‍ കൂപ്പ് കൂത്തുകയായിരുന്നു .കുതിച്ചുവന്ന ട്രെയിന്‍ പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദത്തോടെ കടലുണ്ടി പുഴയിലേക്ക് വീണത് 52 പേരുടെ ജീവനുമായിട്ടായിരുന്നു.പിന്‍ഭാഗത്തെ അഞ്ച് കോച്ചുകള്‍ പാളത്തില്‍ നിന്ന് വേര്‍പെട്ടു. ഫസ്റ്റ് ക്ലാസ് എസി കോച്ചുകളില്‍ മൂന്നെണ്ണം ട്രാക്കിനും പുഴക്കുമിടയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലും രണ്ടെണ്ണം പുഴയില്‍ മുങ്ങിയനിലയിലുമായിരുന്നു. ഇതില്‍ സ്ത്രീകളുടെ ഒരു ബോഗിയും രണ്ടാമത്തേത് ജനറല്‍ കോച്ചുമായിരുന്നു. മഴ പെയ്തതോടെ വെള്ളത്തില്‍ താഴ്ന്നു കിടന്ന കോച്ചില്‍നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തല്‍ ശ്രമകരമായിരുന്നു. എന്നിട്ടും ബോഗികള്‍ വെട്ടിപ്പൊളിച്ച് ഒട്ടേറെ പേരെ രക്ഷിക്കാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞു.

സ്വന്തം ജീവന്‍ പണയംവെച്ച് നാടു മുഴുവന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതോടെ മരണം 52ല്‍ ഒതുങ്ങി. ഗുരുതര പരിക്കേറ്റവരടക്കം 225ഓളം യാത്രക്കാര്‍ രക്ഷപ്പെട്ടു.കടലുണ്ടി പാലം തകര്‍ന്നതോടെ ഷൊര്‍ണൂര്‍ മംഗളൂരു റൂട്ടില്‍ മാസങ്ങളോളം ട്രെയിന്‍ ഗതാഗതം മുടങ്ങി. ഈ അവസരം മുതലെടുത്ത റെയില്‍വേ, കോച്ചുകളുടെ തകരാര്‍ മൂലം സംഭവിച്ച അപകടമല്ല എന്ന വാദമാണ് മുന്നോട്ടുവെച്ചത്.

പാലത്തിന്റെ തൂണ്‍ തകര്‍ന്നതാണ് ബോഗികള്‍ പാളംതെറ്റി മറിയാന്‍ ഇടയാക്കിയതെന്നായിരുന്നു റെയില്‍വേയുടെ കണ്ടെത്തല്‍.ഇതിനു പിന്നാലെ കോടികള്‍ മുടക്കി പുതിയ പാലം നിര്‍മിച്ചു.ട്രാക്കുകളും പാലങ്ങളും ഉള്‍പ്പെടെ സുരക്ഷിതത്വം പരിശോധിക്കുന്ന റെയില്‍വേ സേഫ്റ്റി കമീഷണര്‍ ദുരന്തത്തിന് രണ്ടാഴ്ച മുമ്പ് പരിശോധന നടത്തി പോയതാണെന്നിരിക്കെ റെയില്‍വേയുടെ കണ്ടെത്തല്‍ ചോദ്യംചെയ്യപ്പെട്ടു.

ഇതോടെ ചരിത്രകാരന്‍ ഡോ എം ഗംഗാധരന്‍, കവി സിവിക് ചന്ദ്രന്‍, യു കലാനാഥന്‍ എന്നിവരടങ്ങിയ ടീമിനെ ദുരന്തകാരണം കണ്ടെത്താനായി ജനകീയ ആക്ഷന്‍ കമ്മിറ്റി നിയോഗിച്ചു.രക്ഷപ്പെട്ട യാത്രക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബോഗികളുടെ തകരാറാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് കമ്മിറ്റി കണ്ടെത്തി.കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് ട്രെയിന്‍ പുറപ്പെടുമ്പോള്‍ ബോഗികളില്‍നിന്നുണ്ടായ വന്‍ ശബ്ദം മൂലം യാത്രക്കാര്‍ കൂട്ടമായി നിലവിളിച്ച കാര്യം രക്ഷപ്പെട്ടവര്‍ കമ്മിറ്റിക്ക് മൊഴി കൊടുത്തിരുന്നു.കമ്മിറ്റി റിപോര്‍ട്ട് റെയില്‍വേക്ക് കൈമാറിയെങ്കിലും അത് അവഗണിച്ചു. ദുരന്തകാരണം റെയില്‍വേയുടെ വീഴ്ചയാണെന്ന് സിഎജിയും റിപോര്‍ട്ട് ചെയ്തു.

ഇതുസംബന്ധിച്ച് ലോക്‌സഭ ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കുമെന്ന് അന്നത്തെ റെയില്‍വേ സഹമന്ത്രി ഒ രാജഗോപാല്‍ വ്യക്തമാക്കിയെങ്കിലും ഒന്നും സംഭവിച്ചില്ല.ജീവന്‍ നഷ്ടപ്പെട്ട 52 പേരുടെ കുടുംബങ്ങള്‍ക്ക് നാമമാത്ര നഷ്ടപരിഹാരം ലഭിച്ചപ്പോള്‍ പരിക്കേറ്റ 225 പേരില്‍ ഭൂരിഭാഗം പേര്‍ക്കും ഒന്നും കിട്ടിയില്ല.പാലത്തിലൂടെ നടന്നുപോകുമ്പോള്‍ മരിച്ച യുവാവിനും നഷ്ടപരിഹാരം ലഭിച്ചില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ജോലി നല്‍കുമെന്ന വാഗ്ദാനവും ജലരേഖയായി.

ജീവിതത്തിനും, മരണത്തിലും നടുവില്‍ അകപ്പെട്ട അപകടം സൗഭവിച്ച് ദുരിതം പേറുന്നവര്‍ അവര്‍ക്ക് ഓരോ ജൂണ്‍ 22 രണ്ടും എന്നും കാളരാത്രി തന്നെയാണ്.എല്ലാം സാക്ഷിയായി യാത്ര ചെയ്തവരുടെ നഷ്ടപെട്ട വസ്തുക്കള്‍ ഇന്നും സൂക്ഷിച്ചിരിക്കുന്ന പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷനിലെ രേഖാ മുറിയും.കാലം ഏറെ പോയാലും ദുരന്തസ്മരണ ഒരിക്കലും മറക്കില്ലന്ന ഓര്‍മ്മപെടുത്തലുമായി.

Tags: