ആലുവ: ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ 23കാരി മരിച്ചു. ഗ്യാസ് കയറ്റിയ ലോറി അലക്ഷ്യമായി വലത്തേക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് അപകടം. എറണാകുളം പുറയാര്‍ ഗാന്ധിപുരം മഠത്തിപ്പറമ്പില്‍ ഹരിപ്രസാദിന്റെ മകള്‍ നന്ദന ഹരിപ്രസാദ്(23)ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിന്‍ ആന്റണി(22)യെ പരിക്കുകളോടെ ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 10.30ന് ആലുവയ്ക്ക് സമീപം അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയില്‍ ടിപ്പ് ടോപ്പ് ഫര്‍ണിച്ചര്‍ ഷോപ്പിന് എതിര്‍വശത്തായിരുന്നു അപകടം. റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറി അലക്ഷ്യമായി വലത്തേക്ക് വെട്ടിച്ച് മുന്നോട്ടെടുത്തപ്പോള്‍ പിന്നില്‍നിന്ന് വന്ന ബൈക്കില്‍ തട്ടി. നിയന്ത്രണംവിട്ട ബൈക്ക് പിന്നാലെ വന്ന കാര്‍ ഇടിച്ച് മറിഞ്ഞു. റോഡില്‍ തലയിടിച്ചാണ് നന്ദന വീണത്. അബോധാവസ്ഥയിലായ നന്ദനയെ ഉടന്‍ തന്നെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 12.25ഓടെ മരിച്ചു.
അത്താണി നീരജ എയര്‍ലൈന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായിരുന്നു നന്ദന. ഇടപ്പള്ളിയിലേക്ക് പോയ അശ്വിന്റെ ബൈക്കില്‍ നന്ദന ലിഫ്റ്റ് ചോദിച്ച് കയറിയതായിരുന്നു. പിതാവ്: ഹരിപ്രദാസ് (സെന്‍ട്രല്‍ ജിഎസ്ടി ഓഫീസില്‍ ജീവനക്കാരനാണ്). മാതാവ്: സാന്റി (ശ്രീമൂലനഗരം പിഎച്ച്‌സിയില്‍ നഴ്‌സ്). സഹോദരി: നിവേദ്യ. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.