മുസ്‌ലിം യുവാക്കളെ നിര്‍ബന്ധിച്ച് ദേശീയഗാനം പാടിപ്പിച്ച കേസിലെ തുടര്‍നടപടികള്‍ക്ക് സ്റ്റേ
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരായ സമരകാലത്ത് മുസ്‌ലിം യുവാക്കളെ കൊണ്ട് ദേശീയഗാനവും വന്ദേമാതരവും നിര്‍ബന്ധമായി പാടിപ്പിച്ചതിന് പോലിസുകാരനെതിരെ എടുത്ത കേസിലെ നടപടികള്‍ സ്റ്റേ ചെയ്തു. കേസിലെ പ്രതിയും ജ്യോതിനഗര്‍ പോലിസ് സ്‌റ്റേഷനിലെ എസ്എച്ചഒയുമായിരുന്ന ശൈലേന്ദ്ര തോമര്‍ നല്‍കിയ ഹരജിയിലാണ് ഇടക്കാല നടപടി. ഈ സംഭവത്തില്‍ തനിക്കെതിരെ ഭജന്‍പുര പോലിസ് നേരത്തെ കേസെടുത്തിരുന്നതായി ശൈലേന്ദ്ര തോമര്‍ ചൂണ്ടിക്കാട്ടി. ഒരു കുറ്റത്തിന് രണ്ട് കേസുകള്‍ പാടില്ലെന്നും തോമര്‍ വാദിച്ചു. തുടര്‍ന്നാണ് കേസിലെ തുടര്‍നടപടികള്‍ കോടതി സ്‌റ്റേ ചെയ്തത്.
2020ല്‍ ഡല്‍ഹിയില്‍ സമരങ്ങള്‍ നടന്ന കാലത്ത് അതിക്രമം കാണിച്ച ജ്യോതിനഗര്‍ പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന ശൈലേന്ദ്ര തോമറിനെതിരെ കേസെടുക്കാനാണ് കാര്‍ക്കദൂമ കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. ഈ പോലിസുകാരനും മറ്റു പോലിസുകാരും വിദ്വേഷക്കുറ്റം ചെയ്തുവെന്നാണ് കോടതി കണ്ടെത്തിയത്. 2020 ഫെബ്രുവരി 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലിസ് അതിക്രമത്തിന് ഇരയായ മുഹമ്മദ് വസീം നല്‍കിയ കേസിലാണ് ഉത്തരവ്.