വാഷിംങ്ടണ്‍: വാഷിംങ്ടണ്‍ ഡിസിയിലെ ഇസ്രായേല്‍ എംബസിയിലെ രണ്ട് ജീവനക്കാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു, സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ചിക്കാഗോയില്‍ നിന്നുള്ള 30 വയസ്സുള്ള ഏലിയാസ് റോഡ്രിഗസ് എന്നയാളെ പോലിസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ഇയാള്‍ ഫലസ്തീനെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യം വിളിച്ചിരുന്നെന്ന് റിപോര്‍ട്ടുകളുണ്ട്.
നോര്‍ത്ത് വെസ്റ്റ് ഡിസിയിലുള്ള എഫ്ബിഐയുടെ വാഷിംഗ്ടണ്‍ ഫീല്‍ഡ് ഓഫീസിനു സമീപമാണ് വെടിവയ്പ്പ് നടന്നത്. യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ സജീവമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
'വാഷിംഗ്ടണ്‍ ഡിസിയിലെ ജൂത മ്യൂസിയത്തിന് സമീപം ഇന്ന് രാത്രി രണ്ട് ഇസ്രായേലി എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു. ഞങ്ങള്‍ സജീവമായി അന്വേഷണം നടത്തുകയും കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്. നോം എക്സില്‍ പോസ്റ്റ് ചെയ്തു.
യഹൂദവിരുദ്ധതയെ അടിസ്ഥാനമാക്കിയുള്ള ഈ ഭയാനകമായ കൊലപാതകങ്ങള്‍ ഇപ്പോള്‍ അവസാനിപ്പിക്കണമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. ഇതുപോലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നതില്‍ വളരെ സങ്കടമുണ്ടെന്നും ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നും ഡോണള്‍ഡ് ട്രംപ് കൂട്ടിചേര്‍ത്തു. ആക്രമണം സെമിറ്റിക് വിരുദ്ധതയാണെന്ന് പറഞ്ഞ ഇസ്രായേല്‍ കുറ്റകൃത്യത്തെ നീച പ്രവത്തിയെന്നാണ് വിശേഷിപ്പിച്ചത്.
