നീറ്റ് പരീക്ഷ; ഉദ്യോഗാര്‍ഥിയോട് പൂണൂല്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട അധികൃതരെ അറസ്റ്റ് ചെയ്ത് പോലിസ്

കലബുര്‍ഗി: മെയ് നാലിന് നടന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) എഴുതുന്നതിനായി എത്തിയ ഉദ്യോഗാര്‍ത്ഥിയോട് പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പ് പൂണൂല്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്ത് പോലിസ്.
'ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയ്ക്കിടെ സ്വകാര്യ പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട്, ഉദ്യോഗാര്‍ഥി രണ്ട് പേര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്കെതിരേയാണ് പരാതി.അവരെ ചോദ്യം ചെയ്യുകയും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കലബുറഗി സിറ്റി പോലിസ് കമ്മീഷണര്‍ ശരണപ്പ പറഞ്ഞു.'ഇരുവരെയും ഞായറാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തു, പിന്നീട് ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യമായതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റുള്ളവരുടെ പങ്ക് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ജീവനക്കാര്‍ക്ക് അവരുടെ കടമകളെക്കുറിച്ച് കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബ്രാഹ്‌മണ സമുദായത്തിലെ ചില വിദ്യാര്‍ഥികളോടുണ്ടായ ഇത്തരം പെരുമാറ്റത്തില്‍ ഉത്തരവാദിത്തം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി.