കട വരാന്തയിൽ നിന്ന് ഷോക്കേറ്റ് 19കാരൻെറ മരണം; വിശദീകരണവുമായി കെഎസ്ഇബി

Update: 2024-05-20 11:06 GMT

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ കട വരാന്തയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി തൂണില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മറുപടിയുമായി കെഎസ്ഇബിയും വൈദ്യുതി മന്ത്രിയും. കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. രക്ഷപ്പെടുത്താന്‍ ശ്രമിച്ച സഹോദരന്‍ റാഫിക്കും ഷോക്കേറ്റിരുന്നു. വൈദ്യുത കേബിളിന് തകരാര്‍ ഉണ്ടെന്ന പരാതി അന്വേഷിച്ചിരുന്നു എന്ന് കെഎസ്ഇബി അറിയിച്ചു. ഇന്നലെ പരിശോധന നടത്തിയപ്പോള്‍ തകരാര്‍ കണ്ടെത്താനായില്ല.

മഴ പെയ്തപ്പോള്‍ ഉണ്ടായ പ്രശ്‌നമാണ് ഷോക്കേല്‍ക്കാന്‍ കാരണമെന്നാണ് നിഗമനം. സംഭവത്തില്‍ വിശദമായ പരിശോധനയും അന്വേഷണവും നടത്തുമെന്ന് കോവൂര്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സന്തോഷ് അറിയിച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും വിശദമായ അന്വേഷണം നടത്താന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിനെ ചുമതലപ്പെടുത്തിയെന്നും വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. അതേസമയം, റിജാസിന്റെ മരണത്തിന് കാരണം കെഎസ്ഇബിയാണെന്ന് ആരോപിച്ച് അനാസ്ഥക്കെതിരെ കോവൂര്‍ കെഎസ്ഇബി ഓഫിസ് യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു. മരണത്തിന് പിന്നില്‍ കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.

ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. 19കാരനായ റിജാസ് രാത്രി വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെ സ്‌കൂട്ടര്‍ കേടായതിനെതുടര്‍ന്ന് വാഹനം കട വരാന്തയിലേക്ക് കയറ്റിവെച്ച് സഹോദരനെ കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് ഇരുമ്പ് തൂണില്‍ നിന്ന് ഷോക്കേറ്റത്. സ്ഥലത്തെത്തിയ സഹോദരന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തൂണില്‍ നേരത്തെ വൈദ്യുതി പ്രവാഹം ഉണ്ടെന്നും കെഎസ്ഇബിയില്‍ പറഞ്ഞിട്ടും നടപടി എടുത്തില്ല എന്നുമാണ് കട ഉടമയുടെ ആരോപണം. മരണത്തിന് ഉത്തരവാദി കെഎസ്ഇബി ഉദ്യോഗസ്ഥരാണ് എന്ന് റിജാസിന്റെ ബന്ധുക്കളുടെ ആരോപണം. സംഭവത്തിന് പിന്നാലെ കടയുടെ വൈദുതി ബന്ധം വിച്ഛേദിച്ചതല്ലാതെ ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്തിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

അതേസമയം, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മിനി സംഭവ സ്ഥലം സന്ദര്‍ശിച്ചു. കടയുടമയുടെ പരാതി പരിശോധിക്കുന്നുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം നടപടി ഉണ്ടാവുമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മിനി പറഞ്ഞു.ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തുമെന്നും അവര്‍ പറഞ്ഞു.

Tags: