ഗര്‍ഭിണിയായ 18കാരിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവം: ആത്മീയ ചികില്‍സകനും മക്കളും പിടിയില്‍
ഗുവാഹത്തി: അസമിലെ ജോര്‍ഹട്ടില്‍ 18 വയസുള്ള ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ ആത്മീയ ചികില്‍സകനും മക്കളും പോലിസ് പിടിയിലായി. ജഗത് സിംഹ എന്ന 60 വയസുകാരനാണ് പ്രധാന പ്രതി. ഇയാളോടൊപ്പം മക്കളായ ജിബോണ്‍ (40), കിഷന്‍ (31) എന്നിവരെയും പോലിസ് അറസ്റ്റ് ചെയ്തു.
നവംബര്‍ 7നാണ് പെണ്‍കുട്ടിയെ കാണാതായതായി കുടുംബം പരാതി നല്‍കിയത്. പിന്നാലെ, തിങ്കളാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം വീടിനടുത്തുള്ള സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തിയത്. ഏഴുമാസം ഗര്‍ഭിണിയായിരിക്കെയാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ വലയിലാക്കിയത് ആത്മീയ ചികില്‍സകനായ ജഗത് സിംഹയാണെന്ന് പോലിസ് അറിയിച്ചു. അത്ഭുതശക്തിയുണ്ടെന്ന് പറഞ്ഞ് വിശ്വാസം നേടി പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ചതായാണ് വിവരം. പരീക്ഷയില്‍ ജയിക്കാന്‍ ഭാഗ്യം തരുന്ന പേന നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചതെന്നും പോലിസ് അറിയിച്ചു.
ഗര്‍ഭധാരണത്തെക്കുറിച്ച് അറിഞ്ഞിട്ടും അധികൃതരെ വിവരമറിയിച്ചില്ലെന്ന കുറ്റത്തിന് പ്രാദേശിക ഫാര്‍മസിസ്റ്റിനെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ പോക്‌സോ നിയമപ്രകാരം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ സമയത്ത്, പ്രതിയായ സിംഹ നവംബര്‍ 9നു പോലിസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെങ്കിലും രക്ഷിപ്പെട്ടു. തുടര്‍ന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. ഗര്‍ഭഛിദ്രം നടത്താന്‍ നിരവധി കേന്ദ്രങ്ങളെ ഇയാള്‍ സമീപിച്ചതായും പോലിസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിനു പിന്നാലെ പ്രദേശവാസികള്‍ പോലിസിനെതിരേ ശക്തമായി പ്രതിഷേധിച്ചു. കേസന്വേഷണത്തില്‍ അലംഭാവം കാണിച്ചതായി നാട്ടുകാര്‍ ആരോപിച്ചു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ബന്ധപ്പെട്ട പോലിസ് ഓഫീസര്‍ ഇന്‍ ചാര്‍ജിനെ സസ്പെന്‍ഡ് ചെയ്ത് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി ജോര്‍ഹട്ട് ജില്ലാ അധികൃതര്‍ അറിയിച്ചു.
