നാട് വിട്ടിട്ട് 17 വര്‍ഷം; ഒടുവില്‍ തളര്‍ന്ന ശരീരവുമായി കോവളം സ്വദേശിയുടെ മടക്കം; തുണയായി റിയാദ് കേളി
റിയാദ്: ജീവിതം മെച്ചപ്പെടുത്താന്‍ 17 വര്‍ഷം മുമ്പ് നാട് വിട്ട ബിജു ശേഖറിന് നാട്ടിലേക്ക് മടങ്ങാന്‍ തുണയായി കേളി കലാസാംസ്‌കാരിക വേദി. നിര്‍മാണ തൊഴിലാളിയായ തിരുവനന്തപുരം കോവളം സ്വദേശി ബിജു ശേഖറിനെ ഒരു വശം തളര്‍ന്ന നിലയില്‍ കണ്ട സുഹൃത്തുക്കള്‍, സഹായത്തിനായി കേളി കലാസാംസ്‌കാരിക വേദിയെ സമീപിച്ചതോടെയാണ് കാര്യങ്ങള്‍ എളുപ്പമായത്.
2007- ല്‍ റിയാദില്‍ എത്തിയതാണ് ബിജു ശേഖര്‍. റിയാദില്‍ എത്തി സ്‌പോണ്‍സര്‍ക്ക് പാസ്‌പോര്‍ട്ട് കൈമാറി ജോലിയില്‍ പ്രവേശിച്ച ബിജു ശേഖരിന് രണ്ടു മാസങ്ങള്‍ക്ക് ശേഷം ഇഖാമ ലഭിച്ചു. സൗദിയിലെത്തിയ ഇദ്ദേഹം മക്കളുടെ ചിലവിനായി ഇടക്കിടെ പണം നാട്ടിലെത്തിച്ചതായി പറയുന്നു. എന്നാല്‍ നാട്ടില്‍ പോകുകയോ മറ്റ് കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്തിരുന്നില്ല. ആദ്യ ഇഖാമക്ക് ശേഷം പിന്നീട് സ്പോണ്‍സറുമായി ബന്ധപ്പെടുകയോ ഇഖാമ പുതുക്കുകയോ ചെയ്തിട്ടില്ല. ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകരോട് അധികം കൂട്ടുകൂടാത്തെ സ്വയം ഒതുങ്ങി കൂടുന്ന പ്രകൃതക്കാരനായിരുന്നു. അതിനാല്‍ തന്നെ നാട്ടില്‍ പോകുന്നതിനെ കുറിച്ച് ആരും തന്നെ അന്വേഷിച്ചതുമില്ല. ഒടുവില്‍ അസുഖ ബാധിതനായപ്പോഴാണ് നാട്ടില്‍ പോകണമെന്ന് ആവശ്യം ഉണ്ടായത്.
കേളി ബത്ത ഏരിയാ സെക്രട്ടറി രാമകൃഷ്ണന്‍ ധനുവച്ചപുരം ജീവകാരുണ്യ കമ്മറ്റി അംഗം എബി വര്‍ഗീസ് റൂമില്‍ എത്തിയപ്പോഴാണ് ഇഖാമയോ ഇന്‍ഷൂറന്‍സോ ഇല്ലാതെ കഴിയുന്ന ബിജു ശേഖറിനെ കുറിച്ചറിയുന്നത്. തുടര്‍ന്ന് കേളി ജീവകാരുണ്യ കമ്മറ്റിയുടെ സഹായത്തോടെ വിവിധ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേഖകള്‍ ഇല്ലാത്തതിനാല്‍ ചികില്‍സ നല്‍കാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ ഒരു സ്വകാര്യ ക്ലിനിക്കിന്റെ സഹായത്താല്‍ താല്‍ക്കാലിക ചികില്‍സ ലഭ്യമാക്കുകയും ഇരുന്ന് യാത്ര ചെയ്യാവുന്ന രീതിയിലേക്ക് എത്തിക്കുകയും ചെയ്യുകയായിരുന്നു.
ഇയാളുടെ അവസ്ഥ വിവരിച്ച് കേളി, ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കുകയും എംബസി കാര്യമായി തന്നെ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. എമര്‍ജന്‍സി പാസ്‌പോര്‍ട്ട് തയ്യാറാക്കി തര്‍ഹീലില്‍ നിന്നും എംബസി ഉദ്യോഗസ്ഥരായ ഷറഫുദ്ധീന്‍, നസീംഖാന്‍ എന്നിവരുടെ ശ്രമഫലമായി ഒറ്റ ദിവസം കൊണ്ട് എക്‌സിറ്റ് ലഭിച്ചു. സുഹൃത്തുക്കളുടെ സഹായത്തോടെ അടുത്ത ദിവസത്തെ സൗദി എയര്‍ലൈന്‍സില്‍ ടിക്കറ്റ് തരപ്പെടുത്തുകയായിരുന്നു.
