എറണാകുളത്ത് 17കാരനെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഓണ്‍ലൈന്‍ ഗെയിമിങിന്റെ ഭാഗമെന്ന് സംശയം, പോലിസ് അന്വേഷണം തുടങ്ങി
എറണാകുളം: ഞാറയ്ക്കലില്‍ 17കാരനെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഓണ്‍ലൈന്‍ ഗെയിമിങിന്റെ ഭാഗമെന്ന് സംശയം. ഞാറയ്ക്കല്‍ സ്വദേശി അര്‍ജുന്‍ കുമാറിന്റെ മൃതദേഹമാണ് എളങ്കുന്നപ്പുഴ ബീച്ചില്‍ നിന്നും കണ്ടെത്തിയത്. അര്‍ജുന് ഓണ്‍ലൈന്‍ ഗെയിമിങ് അഡിക്ഷന്‍ ഉണ്ടായിരുന്നുവെന്ന് പോലിസ് പറയുന്നു. ഗെയിമിങിന്റെ ഭാഗമായി ഡിപ്രഷന്‍ ഉണ്ടായിരുന്നോ എന്നും ടാസ്‌കിന്റെ ഭാഗമായാണോ ബീച്ചിലേക്ക് ചാടിയതെന്നും പരിശോധിക്കാനൊരുങ്ങുകയാണ് പോലിസ്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.
ഫുട്‌ബോള്‍ കളിക്കാനായി ടര്‍ഫില്‍ പോകുന്നു എന്ന് പറഞ്ഞ് ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു അര്‍ജുന്‍. പിന്നീട് രാത്രിയായിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് കുടുംബം പോലിസില്‍ പരാതി നല്‍കുകയായിരുന്നു. അമ്മ നല്‍കിയ മൊഴിയിലാണ് കുട്ടി ഫ്രീ ഫയര്‍ ഗെയിം സ്ഥിരമായി കളിക്കാറുണ്ടെന്ന വിവരം ലഭിക്കുന്നത്. കുട്ടിക്കായി അന്വേഷണം തുടരുന്നതിനിടെയാണ് ചാപ്പ ബീച്ചില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളില്‍ കുട്ടി കടല്‍ഭിത്തിയുള്ള സ്ഥലത്ത് കൂടെ നടന്നുപോവുന്നത് വ്യക്തമാണ്. എന്നാല്‍ മരണകാരണം ഓണ്‍ലൈന്‍ ഗെയിമിങ് അഡിക്ഷനാണോ എന്നാണ് പോലിസ് പരിശോധിക്കുന്നത്.