പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; കൊറിയന്‍ സുഹൃത്തിനെക്കുറിച്ച് വ്യക്തത വരുത്താനാകാതെ പോലിസ്
കൊച്ചി: തിരുവാങ്കുളത്ത് പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാരണം കണ്ടെത്താനാകാതെ പോലിസ്. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിരുന്ന കൊറിയന്‍ സുഹൃത്തിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതാണ് അന്വേഷണത്തിന് വെല്ലുവിളിയാകുന്നത്. ഏറെ പരിശ്രമത്തിനൊടുവില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്ത് പരിശോധിച്ചെങ്കിലും ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് ചാറ്റുകളെല്ലാം നേരത്തെ തന്നെ ഡിലീറ്റ് ചെയ്ത നിലയിലാണ്.
കൊറിയന്‍ സുഹൃത്ത് യഥാര്‍ഥത്തില്‍ ഉണ്ടോ അതോ വ്യാജ പ്രൊഫൈലുകള്‍ വഴി ആരെങ്കിലും പെണ്‍കുട്ടിയെ ചതിച്ചതാണോ എന്ന കാര്യവും പോലിസ് അന്വേഷിക്കുന്നുണ്ട്. ഡിലീറ്റ് ചെയ്യപ്പെട്ട സോഷ്യല്‍ മീഡിയ ചാറ്റുകള്‍ വീണ്ടെടുക്കാനായി സൈബര്‍ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ് അന്വേഷണ സംഘം. കൊറിയന്‍ പോപ്പ് സംഗീതത്തോടും സംസ്‌കാരത്തോടും പെണ്‍കുട്ടിക്ക് വലിയ താല്‍പ്പര്യമുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചനകള്‍.
കഴിഞ്ഞ ജനുവരി 27-നാണ് തിരുവാങ്കുളം മാമല സ്വദേശി മഹേഷിന്റെ മകള്‍ ആദിത്യയെ വീടിന് സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദിത്യയുടെ ബാഗില്‍ നിന്നും ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍, ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട തന്റെ കൊറിയന്‍ സുഹൃത്ത് മരിച്ചതില്‍ മനംനൊന്താണ് താന്‍ ജീവനൊടുക്കുന്നത് എന്ന് രേഖപ്പെടുത്തിയിരുന്നു.