പേരാമ്പ്രയില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ കാറോടിച്ചു കയറ്റിയത് 16കാരന്‍, ലൈസന്‍സ് നല്‍കുന്നത് 25 വയസുവരെ തടഞ്ഞു

വാഹനം കസ്റ്റഡിയിലെടുത്ത് പോലിസ്, ആര്‍സി സസ്‌പെന്‍ഡ് ചെയ്യുമെന്ന് എംവിഡി

Update: 2025-11-06 15:09 GMT

കോഴിക്കോട്: പേരാമ്പ്രയില്‍ കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്കു കാര്‍ ഓടിച്ചുകയറ്റി അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയെടുത്ത് എംവിഡിയും പോലിസും. കാറോടിച്ചത് പതിനാറുകാരന്‍ ആണെന്നാണ് വിവരം. കാറിന്റെ ആര്‍സി സസ്പെന്‍ഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു. 16കാരന് ലൈസന്‍സ് നല്‍കുന്നത് 25 വയസുവരെ തടഞ്ഞു. സംഭവത്തില്‍ പോലിസും നടപടി സ്വീകരിച്ചിട്ടുണ്ട്. കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

കൂത്താളി വൊക്കേഷണല്‍ ഹയല്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഗ്രൗണ്ടിലായിരുന്നു സംഭവമുണ്ടായത്. ഉപജില്ലാ കലോല്‍സവം കാരണം സ്‌കൂളിന് അവധിയായിരുന്നു. ഫുട്ബോള്‍ ടീം അംഗങ്ങളായ വിദ്യാര്‍ഥികള്‍ രാവിലെ പത്തരയോടെ സ്‌കൂള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടെയാണ് കാറെത്തിയത്. വളരെ വേഗത്തിലെത്തിയ കാര്‍ കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.

കുട്ടികള്‍ ഓടിമാറിയതിനാല്‍ അപകടമൊഴിവായി. പിന്നാലെ കാറുപയോഗിച്ചുളള അഭ്യാസപ്രകടനവും നടന്നു. ശബ്ദം കേട്ട് അധ്യാപകരെത്തിയപ്പോഴേക്കും കാര്‍ റോഡിലേക്കു കടന്നു. പിന്നീട് അതി വേഗം ഓടിച്ചു പോയി. പിന്നീട് അതിവേഗം ഓടിച്ചുപോയി. തുടര്‍ന്ന് അധ്യാപകര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. കാറുടമയെ തിരിച്ചറിഞ്ഞതായും വാഹനം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പേരാമ്പ്ര പോലിസ് അറിയിച്ചു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.