കുവൈത്തിലെ അല്‍ ഖുറൈന്‍ മാര്‍ക്കറ്റില്‍ പരിശോധന; 150 കിലോ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

Update: 2024-02-08 14:01 GMT

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ ഖുറൈന്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനകളില്‍ ഉപയോഗശൂന്യമായ 150 കിലോ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റ് ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ. സൗദ് അല്‍ ജലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളുടെ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട നാല് റിപോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. ഖുറൈന്‍ മാര്‍ക്കറ്റ് ഏരിയയിലെ നിരവധി മാര്‍ക്കറ്റുകളിലും റെസ്‌റ്റോറന്റുകളിലും മുബാറക് അല്‍ കബീര്‍ ഗവര്‍ണര്‍ മഹമൂദ് ബുഷാഹ്‌രിയുടെ സാന്നിധ്യത്തിലാണ് പരിശോധനകള്‍ നടന്നത്. കുവൈത്തില്‍ അടുത്തിടെ നടന്ന പരിശോധനകളില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തിയ ഫുഡ് കമ്പനി അടച്ചുപൂട്ടിയിരുന്നു. കാലാവധി അവസാനിച്ച ഭക്ഷ്യവസ്തുക്കളുടെ തിയ്യതിയില്‍ കൃത്രിമം കാണിച്ച് ഹോള്‍സെയിലര്‍മാരുടെ മറവില്‍ റെസ്‌റ്റോറന്റുകളിലും കഫേകളിലും വില്‍പ്പന നടത്തുകയാണ് കമ്പനി ചെയ്തിരുന്നത്.

    ഇത്തരത്തില്‍ കമ്പനി നിയമലംഘനം നടത്തുന്നുണ്ടെന്നും ഗുരുതര കുറ്റം ചെയ്യുന്നുണ്ടെന്നും വിവരം ലഭിച്ച വാണിജ്യ, വ്യവസായ മന്ത്രാലയ അധികൃതര്‍ കമ്പനി അടച്ചുപൂട്ടുകയായിരുന്നു. ഷുവൈഖ് വ്യവസായ മേഖലയിലെ ഫുഡ് കമ്പനിയാണ് പൂട്ടിച്ചത്. ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയ സാല്‍മിയ ഏരിയയിലെ മെന്‍സ് സലൂണും അധികൃതര്‍ പൂട്ടിച്ചിരുന്നു. ഒരു മെന്‍സ് സലൂണ്‍ ആണ് അടച്ചുപൂട്ടിയത്.

Tags: