ഫൈസലാബാദ്: പാകിസ്താനിലെ ഫൈസലാബാദില്‍ പശ നിര്‍മാണ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 15 തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രാദേശിക അധികൃതര്‍ അറിയിച്ചു. വ്യവസായിക മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറിയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
സംഭവത്തിന് പിന്നാലെ ഫാക്ടറി മാനേജറെ പോലിസ് അറസ്റ്റ് ചെയ്തു. സ്‌ഫോടനശേഷം ഓടി രക്ഷപ്പെട്ട ഫാക്ടറി ഉടമയ്ക്കായി പോലിസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. കെട്ടിടം തകരുകയും സമീപത്തെ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ വരുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പ്രാദേശിക പോലിസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് അസ്ലം പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫ് അപകടത്തില്‍ ദുഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് മികച്ച ചികില്‍സ നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും അവര്‍ അറിയിച്ചു.