മംദാനിയെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ചത് 1.5 ദശലക്ഷം ഇസ്ലാമോഫോബിയ പോസ്റ്റുകള്‍, റിപോര്‍ട്ട്
ന്യൂഡല്‍ഹി: ന്യൂയോര്‍ക്കിലെ ആദ്യ മുസ് ലിം മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാന്‍ മംദാനിയെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വന്നത് 1.5 ദശലക്ഷം ഇസ്ലാമോഫോബിയ പോസ്റ്റുകളെന്ന് റിപോര്‍ട്ട്. ലോകമെമ്പാടുമുള്ള ഏകദേശം 150 ബില്യണ്‍ ഉപയോക്താക്കളിലാണ് ഇവയോരോന്നും പ്രചരിച്ചത്.
'ട്രേസിംഗ് ഓണ്‍ലൈന്‍ ഹേറ്റ് എഗൈന്‍സ്റ്റ് സൊഹ്റാന്‍ മംദാനി' എന്ന തലക്കെട്ടോടെ യുഎസ് സിവില്‍ റൈറ്റ്‌സ് ഗ്രൂപ്പായ ഇക്വാലിറ്റി ലാബ്‌സ് പുറത്തിറക്കിയ റിപോര്‍ട്ടിലേതാണ് വിവരങ്ങള്‍.
റിപോര്‍ട്ട് അനുസരിച്ച്, 2025ല്‍ ഉടനീളം ഇന്‍സ്റ്റഗ്രാം, എക്‌സ്, റെഡ്ഡിറ്റ്, യൂട്യൂബ്, ബ്ലൂസ്‌കൈ, മെറ്റ, പിന്‍ട്രെസ്റ്റ്, ലിങ്ക്ഡ്ഇന്‍, ട്വിച്ച്, സ്‌നാപ്ചാറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലായി 17.1 ദശലക്ഷത്തിലധികം പോസ്റ്റുകള്‍ പ്രചരിച്ചു. ഈ പോസ്റ്റുകളില്‍ ഒരു പ്രധാന പങ്ക് മംദാനിക്കെതിരേ വിദ്വേഷകരമായ തെറ്റായ വിവരങ്ങളും ആക്രമണങ്ങളും പ്രചരിപ്പിക്കുന്നവയായിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിലുള്ള പങ്കും റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സിറ്റിംഗ് സെനറ്റര്‍മാര്‍, ഗവര്‍ണര്‍മാര്‍, പ്രതിനിധിസഭയിലെ അംഗങ്ങള്‍, ട്രംപ് ഭരണകൂടവുമായി യോജിക്കുന്ന മുതിര്‍ന്ന ഫെഡറല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ സംഘത്തില്‍' ഉള്‍പ്പെടുന്നുവെന്നും റിപോര്‍ട്ട് പറയുന്നു.
വിവിധ പ്ലാറ്റ്ഫോമുകളിലായി മംദാനിയെക്കുറിച്ചുള്ള എല്ലാ പോസ്റ്റുകളിലും 80 ശതമാനം ഇസ് ലാമോഫോബിയ ഉള്ളതാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. അര്‍ജന്റീന, ഓസ്ട്രേലിയ, ഓസ്ട്രിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലാന്‍ഡ്സ്, ഇന്ത്യ, ഇസ്രായേല്‍, സ്ലോവേനിയ, സ്വീഡന്‍, സ്പെയിന്‍, യുണൈറ്റഡ് കിംഗ്ഡം എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നാണ് ഈ കണക്കുകള്‍ ലഭിച്ചത്.