കൊളംബിയയില്‍ ചെറുവിമാനം തകര്‍ന്നുവീണു; ജനപ്രതിനിധിയടക്കം 15 പേര്‍ക്ക് ദാരുണാന്ത്യം

Update: 2026-01-29 04:57 GMT

ബൊഗോട്ട: കൊളംബിയയില്‍ 15 പേരുമായി സഞ്ചരിച്ച ചെറുവിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 13 യാത്രക്കാരും രണ്ടു ജീവനക്കാരും മരിച്ചതായി കൊളംബിയ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സറ്റെന എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

കൊളംബിയയുടെ അതിര്‍ത്തി നഗരമായ കുകൂട്ടയില്‍നിന്ന് പുറപ്പെട്ട വിമാനം ഉച്ചയോയെ സമീപത്തെ ഒകാനയില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍, ലാന്‍ഡിങ്ങിന് മുന്‍പായി ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ടു. കുകൂട്ട പ്രദേശം വനനിബിഡമായത് കൊണ്ട് കാലാവസ്ഥ അതിവേഗം മാറും. കൊളംബിയയിലെ ഏറ്റവും വലിയ ഗറില്ല വിഭാഗമായ നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ നിയന്ത്രണത്തിലുള്ള മേഖലയാണിത്. വിമാനത്തിനായി തിരച്ചില്‍ നടത്താനും മൃതദേഹങ്ങള്‍ വീണ്ടെടുക്കാനും സര്‍ക്കാര്‍ വ്യോമസേനയെ വിന്യസിച്ചു. കൊളംബിയന്‍ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് അംഗം ഡയോജെനസ് ക്വിന്ററോയും ഒരു നിയമസഭാ സാമാജികനും ഒരു നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയും വിമാനത്തില്‍ യാത്ര ചെയ്തിരുന്നതായാണ് വിവരം.

Tags: