സുഡാനില്‍ നൈല്‍ നദിയില്‍ യാത്രാ ബോട്ട് മറിഞ്ഞ് 15 പേര്‍ മരിച്ചു

Update: 2026-02-12 09:17 GMT

കയ്‌റോ: സുഡാനിലെ വടക്കന്‍ നൈല്‍ നദി പ്രവിശ്യയില്‍ യാത്രാ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 27 പേരുമായി സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. സുഡാന്‍ ഡോക്ടേഴ്‌സ് നെറ്റ്‌വര്‍ക്ക് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം 15 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ആറു പേര്‍ രക്ഷപ്പെട്ടതായും ആറുപേര്‍ ഇപ്പോഴും കാണാതായതായും അധികൃതര്‍ അറിയിച്ചു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ഷെന്‍ഡി പ്രദേശത്തെ തായ്ബ അല്‍ഖവാദിനും ദൈം അല്‍ഖറായ് പ്രദേശങ്ങള്‍ക്കുമിടയില്‍ സര്‍വീസ് നടത്തുന്ന ഫെറിയാണ് നദിയില്‍ മുങ്ങിയത്. അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങളുടെ അഭാവവും അപകടത്തിന് പിന്നാലെ ആദ്യ മണിക്കൂറുകളില്‍ രക്ഷാപ്രവര്‍ത്തനം സജീവമാക്കുന്നതില്‍ ഉണ്ടായ വൈകല്യവുമാണ് മരണസംഖ്യ ഉയരാന്‍ ഇടയായതെന്ന് സുഡാന്‍ ഡോക്ടേഴ്‌സ് നെറ്റ്‌വര്‍ക്ക് ആരോപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സിവില്‍ ഡിഫന്‍സ് സംഘങ്ങളുടെയും പ്രതികരണത്തില്‍ ഉണ്ടായ അലംഭാവവും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതായും സംഘടന വ്യക്തമാക്കി.

പ്രത്യേക രക്ഷാസംഘങ്ങളെയും ആവശ്യമായ തിരച്ചില്‍ സംവിധാനങ്ങളെയും അടിയന്തിരമായി വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട ഡോക്ടേഴ്‌സ് നെറ്റ്‌വര്‍ക്ക്, ജലഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Tags: