15 മണിക്കൂറിലേറെ നീണ്ട ഉദ്വേഗഭരിതരംഗങ്ങള്‍ക്കൊടുവില്‍ കിണറ്റില്‍ വീണ കാട്ടാനയെ കരക്കെത്തിച്ചു

Update: 2024-04-13 10:26 GMT

കോതമംഗലം: 15 മണിക്കൂറിലേറെ നീണ്ട ഉദ്വേഗഭരിതരംഗങ്ങള്‍ക്കൊടുവില്‍ കിണറ്റില്‍ വീണ കാട്ടാനയെ കരക്കെത്തിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ സ്വകാര്യവ്യക്തിയുടെ കിണറ്റില്‍ വെള്ളിയാഴ്ച പുലര്‍ച്ച വീണ കാട്ടാനയെയാണ് വൈകീട്ട് 5.30 ഓടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കിണറിന്റെ ഒരുവശം ഇടിച്ച് കരക്ക് എത്തിച്ചത്.

കരക്ക് കയറിയ ആനയെ ജനവാസ മേഖലയിലൂടെ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പടക്കം പൊട്ടിച്ച് തുരത്തി. മയക്കുവെടി വെച്ച് വാഹനത്തില്‍ കയറ്റി മാറ്റുമെന്ന വാക്ക് പാലിക്കാത്തതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. കോട്ടപ്പാറ വനമേഖലയില്‍നിന്ന് നാല് കിലോമീറ്റര്‍ മാറി ജനവാസമേഖലയിലാണ് പുലര്‍ച്ച രണ്ടോടെ കാട്ടുകൊമ്പന്‍ കിണറ്റില്‍ വീണത്. പൂലാഞ്ഞി കുഞ്ഞപ്പന്റെ ഉടമസ്ഥതയിലുള്ളതാണ് കിണര്‍. നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന കിണറ്റിലാണ് ആന വീണത്.


Tags: