ആലപ്പുഴ: ആലപ്പുഴ പുന്നപ്രയില്‍ 14 കാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു. പിതാവും പിതാവിന്റെ സഹോദരി ഭര്‍ത്താവും മകനും മറ്റൊരു ബന്ധുവുമാണ് കുട്ടിയെ പീഡിപ്പിച്ചത്. രണ്ടുവര്‍ഷമായി കുട്ടിയെ ഇവര്‍ പീഡിപ്പിക്കുകയായിരുന്നു. ബന്ധുവായ സുഹൃത്തിനോട് പെണ്‍കുട്ടി ഇക്കാര്യം തുറന്ന് പറഞ്ഞതോടെയാണ് വിവരം പുറത്താകുന്നത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു.
പതിനാല് വയസുകാരിയായ പെണ്‍കുട്ടി എട്ടാം വയസില്‍ മാതാവിന്റെ സഹോദരനില്‍ നിന്ന് പീഡനമേറ്റിരുന്നു. പോലിസ് പിടിയിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു. ഇതോടെ മാതാവ് കുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് സിഡബ്ല്യൂസിയുടെ സംരക്ഷണയിലേക്ക് മാറ്റി. 2022ലാണ് കുട്ടിയെ പിതാവിന് കൈമാറുന്നത്. പിതാവ് കൂട്ടിക്കൊണ്ടു പോയത് സഹോദരിയുടെ വീട്ടിലേക്ക്. ഇവിടെ വച്ചാണ് വര്‍ഷങ്ങള്‍ നീണ്ട പീഡനത്തിന് പിതാവ് മകളെ ഇരയാക്കിയത്. ഇത് കൂടാതെ പിതാവിന്റെ സഹോദരീ ഭര്‍ത്താവും പിതാവിന്റെ സഹോദരിയുടെ മകനും മറ്റൊരു ബന്ധുവും പീഡിപ്പിച്ചു.
പിതാവിനൊപ്പം വീട്ടിലിരുന്ന് മദ്യപിച്ച ശേഷമായിരുന്നു ബന്ധു പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടി സുഹൃത്തിനോട് കഴിഞ്ഞ ദിവസം പീഡനം വിവരം തുറന്നു പറഞ്ഞു. ഇതോടെയാണ് പോലിസിലേക്ക് സംഭവമെത്തുന്നത്. പിതാവ് ഉള്‍പ്പടെ നാലുപേര്‍ക്കെതിരേയാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്നുപേരെ അറസ്റ്റ് ചെയ്തു. പിതാവിന്റെ ബന്ധുവിനെ കൂടി പിടികൂടാനുണ്ട്. പെണ്‍കുട്ടിയെ കുടുംബശ്രീയുടെ കീഴിലുള്ള സ്‌നേഹിത സെന്ററിന്റെ സംരക്ഷണയിലേക്ക് മാറ്റി.