ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ അപകടം; 14 കാരന്‍ മരിച്ചു
വാഹനം ഓടിച്ചയാള്‍ക്കെതിരേ കേസെടുത്തു
തൃശൂര്‍: തൃശൂരില്‍ ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ അപകടം. 14 വയസുകാരന്‍ മരിച്ചു. ബീച്ചില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മുഹമ്മദ് സിനാനാണ് മരിച്ചത്. കൈപ്പമംഗലം കൂരിക്കുഴി സ്വദേശി ഷജീറാണ് ഡ്രിഫ്റ്റിങ് നടത്തിയത്. ഡ്രിഫ്റ്റിങ് നടത്തുന്നതിനിടെ വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. വാഹനത്തിന് അടിയില്‍പ്പെട്ട സിനാന് തലയ്ക്ക് ഗുരുതര പരിക്കേറ്റാണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന ഷജീറിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം ആറു മണിയോടെ ചാമക്കാല രാജീവ് റോഡ് ബീച്ചിലാണ് അപകടം.
യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് ഡ്രിഫ്റ്റിങ് നടത്തിയതെന്ന് പോലിസ് കണ്ടെത്തി. ഡ്രിഫ്റ്റിങ് കാണാനെത്തിയ കുട്ടികള്‍ ഇതില്‍ പങ്കെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടിയെ വാഹനത്തില്‍ കയറ്റി സാഹസത്തിന് മുതിരുകയായിരുന്നു. സിനാന്റെ കൂടെ രണ്ടു കുട്ടികള്‍ കൂടെ വാഹനത്തില്‍ കയറിയിരുന്നു. കുറ്റകരമായ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരേ കേസെടുത്തു.