നാലുമാസത്തിനിടെ തെരുവുനായ കടിച്ചത് 1,31,244 പേരെ; അടിയന്തിര നടപടികള്‍ നടത്തിവരുന്നുണ്ടെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: നാലുമാസത്തിനിടെ തെരുവുനായ കടിച്ചത് 1,31,244 പേരെ. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ മാസം വരെ 131244 പേര്‍ക്ക് കേരളത്തില്‍ നായയുടെ കടിയേറ്റതായി വ്യക്തമാക്കുന്ന റിപോര്‍ട്ട് സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റ് ഹാജരാക്കി.
ഒരു മാസത്തിനിടയില്‍ നായയുടെ കടിയേറ്റ് മൂന്ന് കുട്ടികള്‍ മരിച്ചത് സംബന്ധിച്ച് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിങ് നല്‍കിയ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടിയിരുന്നു. ഇതിനേ തുടര്‍ന്നാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്.
2024ല്‍ 3,16,793പേര്‍ക്കും, 2023ല്‍ 3,06,427പേര്‍ക്കും , 2022ല്‍ 2,94,032പേര്‍ക്കും, 2021ല്‍ 2,21,379പേര്‍ക്കും , 2020ല്‍ 1,60,483പേര്‍ക്കും, 2019ല്‍ 1,61,055പേര്‍ക്കും, 2018ല്‍ 1,48,899പേര്‍ക്കും, 2017ല്‍ 1,35,749പേര്‍ക്കും, 2016ല്‍ 1,35,217പേര്‍ക്കും, 2015ല്‍1,21,693 പേര്‍ക്കും, 2014ല്‍1,19,191 പേര്‍ക്കും നായ്ക്കളുടെ കടിയേറ്റു.
2025 ജനുവരി മുതല്‍ മെയ് വരെ 16 പേരാണ് നായ കടിച്ചതുമൂലം മരിച്ചത്. 2024ല്‍ 26, 2023ല്‍ 25, 2022ല്‍ 27, 2021ല്‍ 11, 2020ല്‍ 5, 2019ല്‍ 8, 2018ല്‍ 9, 2017ല്‍ 8, 2016ല്‍ 5, 2015ല്‍ 10, 2014ല്‍ 10, 2013ല്‍ 11, 2012ല്‍ 13 മരണങ്ങളും സ്ഥിരീകരിച്ചു. ഇതില്‍ 2025 ജനുവരി മുതല്‍ മെയ് വരെ മരിച്ച 16 പേരില്‍ 5 പേര്‍ കുത്തിവയ്പ്പ് എടുത്തവരാണ്. 2021 മുതല്‍ 2024 വരെ കാലയളവില്‍ മരണപ്പെട്ട 89 പേരില്‍ 18 പേര്‍ പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നുവെന്നും ആരോഗ്യ വകുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലുണ്ട്.
നായയുടെ കടിയേറ്റ് അടുത്തിടെ മൂന്നുകുട്ടികള്‍ ഒരു മാസത്തിനിടയില്‍ മരിച്ചത് നാഡികളിലൂടെ വൈറസ് വേഗം ശരീരത്തില്‍ കടന്നതിനാലെന്ന് ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റ് വ്യക്തമാക്കി. പേവിഷബാധ പ്രതിരോധ വാക്‌സിനുകള്‍ കൃത്യമായ ഡോസുകള്‍ എടുത്തിട്ടും മരണം സംഭവിച്ചു . വൈറസ് വേഗം ശരീരത്തില്‍ പ്രവേശിച്ചതിനാല്‍ നല്‍കിയ മരുന്നുകള്‍ ഫലപ്രദമായില്ല എന്ന് ആരോഗ്യ വകുപ്പ് തന്നെ വിലയിരുത്തുന്നു. വൈറസിന് വേഗം നാഡിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്നതിന് സാധിക്കുന്ന ഭാഗങ്ങളായ കഴുത്ത്, തല,കൈ എന്നീ ഭാഗങ്ങളിലാണ് മൂന്നുകുട്ടികള്‍ക്കും കടിയേറ്റത്.
പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ പതിമൂന്നുവയസ്സ് പ്രായമുണ്ടായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് സ്‌കൂള്‍ ബസ് കത്ത് നില്‍ക്കവെയാണ് അയല്‍വാസിയുടെ വളര്‍ത്തുനായയില്‍ നിന്നും കടിയേറ്റത്. ഈ പ്രദേശത്ത് കഴിഞ്ഞ ഡിസംബറില്‍ തന്നെ നായകള്‍ക്ക് കുത്തിവയ്പ്പ് നല്‍കിയെങ്കിലും വിദ്യാര്‍ഥിനിയെ കടിച്ച വളര്‍ത്ത് നായയ്ക്ക് കുത്തിവയ്പ്പ് നല്കിയിരുന്നില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ഡിസംബര്‍ 13നാണ് കുട്ടിയെ നായ കടിച്ചത്. ഈ ഏപ്രില്‍ 9ന് കുട്ടി മരണപ്പെട്ടു.മലപ്പുറം തേഞ്ഞിപ്പാലത്ത് 6 വയസ്സുള്ള പെണ്‍കുട്ടി വീടിന് അടുത്തുള്ള കടയില്‍ പോകവെയാണ് കഴിഞ്ഞ മാര്‍ച്ച് 29ന് നായയുടെ കടിയേറ്റത്. ഏപ്രില്‍ 29ന് മരണം സംഭവിച്ചു. കൊല്ലം പത്തനാപുരത്ത് എട്ട് വയസ്സുള്ള പെണ്‍കുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ട് നില്‍ക്കവെയാണ് കഴിഞ്ഞ ഏപ്രില്‍ 8ന് നായയുടെ കടിയേല്‍ക്കുന്നത്. മെയ് 5ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വച്ച് മരണം സംഭവിച്ചു.
നിലവില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി നായ്ക്കളുടെ വന്ധ്യംകരണം നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പേവിഷബാധ ഏല്‍ക്കുന്നവര്‍ക്ക് ആവിശ്യമായ ചികില്‍സ ഉടന്‍ ലഭ്യമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിവരുന്നുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവിശ്യമായ പരിശീലനം നല്‍കുന്നതിന് അടിയന്തിര സ്വഭാവത്തില്‍ നടപടികള്‍ നടത്തി വരുന്നതായും ആരോഗ്യ വകുപ്പ് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പേവിഷബാധ പ്രതിരോധ വാക്‌സിന്റെ ഗുണനിലവാരം അതാത് ഏജന്‍സികള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും ആയതില്‍ യാതൊരു ഗുണനിലവാര കുറവും കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

