മോവ് ജമാമസ്ജിദിലേക്ക് ഹിന്ദുത്വര്‍ പടക്കം എറിഞ്ഞുണ്ടാക്കിയ സംഘര്‍ഷം; 12 മുസ്‌ലിംകളെ അറസ്റ്റ് ചെയ്ത് പോലിസ്
ഭോപ്പാല്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചാംപ്യന്‍സ് ട്രോഫി നേടിയതിന് പിന്നാലെ മോവിലെ ജമാ മസ്ജിദിന് ഉള്ളിലേക്ക് ഹിന്ദുത്വര്‍ പടക്കം എറിഞ്ഞുണ്ടാക്കിയ സംഘര്‍ഷത്തില്‍ പ്രതികളാണെന്നാരോപിച്ച് 12 മുസ്‌ലിംകളെ അറസ്റ്റ് ചെയ്തു. കാവിക്കൊടികള്‍ വീശി ജയ് ശ്രീറാമും ഭാരത് മാതാ കീ ജയും വിളിച്ച് എത്തിയവര്‍ തറാവീഹ് നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് ഇറങ്ങുകയായിരുന്നുവര്‍ക്ക് ഇടയിലേക്ക് കയറിയതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് എഎസ്പി രൂപേഷ് ദ്വിവേദി പറയുന്നത്. തറാവീഹ് നമസ്‌കാരം കഴിഞ്ഞയുടന്‍ പള്ളിക്ക് അകത്തേക്ക് ആരോ പടക്കം എറിഞ്ഞു എന്നാണ് പള്ളിയുടെ ചുമതലയുള്ള മുഫ്തി സാബിര്‍ പറയുന്നത്.
'' അവര്‍ ആക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു. ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചു. പള്ളിക്കുള്ളില്‍ പടക്കം പൊട്ടിച്ചു. ആദ്യം കല്ലെറിഞ്ഞത് ജനക്കൂട്ടത്തിലെ ഒരാളാണ്. സിസിടിവി കാമറകളില്‍ അത് പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളുടെ പകര്‍പ്പ് പോലിസിന് നല്‍കിയിട്ടുണ്ട്.''- അദ്ദേഹം പറഞ്ഞു.
സംഘര്‍ഷത്തില്‍ ഇതുവരെ നാലുകേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലിസ് പറഞ്ഞു. സംഘര്‍ഷത്തില്‍ പരിക്കേറ്റ നാലു പേര്‍ നല്‍കിയ പരാതിയിലും കട കത്തിനശിച്ച സിന്ധി വ്യാപാരിയുടെ പരാതിയിലും ബൈക്ക് നശിച്ച ഒരാളുടെ പരാതിയിലും മുസ്‌ലിം സമുദായത്തിന്റെ പരാതിയിലുമാണ് ഓരോ കേസുകള്‍ വീതം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.രാജ്യസ്‌നേഹികളായ യുവാക്കളെ ദേശദ്രോഹ മനസ്ഥിതിയുള്ളവര്‍ ആക്രമിച്ചുവെന്ന് പറഞ്ഞ് ബിജെപി പ്രദേശത്ത് കാംപയിനും ആരംഭിച്ചിട്ടുണ്ട്.
