ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം തുടരുന്നു; ഡൽഹിയിൽ മാത്രം എട്ടു ദിവസത്തിനിടെ മരിച്ചത് നൂറിലധികം പേർ

Update: 2024-06-21 05:24 GMT

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അത്യുഷ്ണം തുടരുന്നു. എട്ടു ദിവസത്തിനിടെ ഡല്‍ഹിയില്‍ മാത്രം മരിച്ചത് നൂറിലധികം പേരാണ്. കടുത്ത ചൂടിനോടൊപ്പം ജലക്ഷാമം രൂക്ഷമായത് ജനജീവിതം ദുരിതത്തിലാക്കുകയാണ്.മരിച്ചവരില്‍ ഭൂരിഭാഗവും ഭവനരഹിതരാണ്. മെയ് 12 മുതല്‍ ഡല്‍ഹിയിലെ താപനില 40 ഡിഗ്രിക്ക് മുകളിലാണ്. ഡല്‍ഹിക്ക് പുറമേ ഒഡീഷ, ബിഹാര്‍,രാജസ്ഥാന്‍, പഞ്ചാബ്, യുപി സംസ്ഥാനങ്ങളിലും ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തുന്നത്. മിക്ക സംസ്ഥാനങ്ങളിലും താപനില 46 ഡിഗ്രിക്ക് മുകളിലെത്തി. ഉഷ്ണ തരംഗത്തില്‍ ഉത്തരേന്ത്യയില്‍ ആകെ മരണം 200 പിന്നിട്ടു.

അടുത്ത രണ്ട് ദിവസം കൂടി ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂടിനോടൊപ്പം കുടിവെള്ളക്ഷാമം രൂക്ഷമായ ഡല്‍ഹിയില്‍ ജനജീവിതം ദുരിതത്തിലാണ്. ജലക്ഷാമം പരിഹരിക്കുന്നതില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കടുത്ത ചൂടില്‍ വൈദ്യുതി ഉപഭോഗവും വര്‍ധിച്ചിട്ടുണ്ട്. അതേസമയം, നദികളിലെയും റിസര്‍വോയറുകളിലെയും ജലനിരപ്പ് താണത് വൈദ്യുതി ഉല്‍പാദനത്തെയും സാരമായി ബാധിച്ചിരിക്കുകയാണ്.

Tags: