11 വയസ്സുകാരനെ കൊലപ്പെടുത്തി ഡ്രമ്മില്‍ ഒളിപ്പിച്ചു; അയല്‍വാസി ഒളിവില്‍

Update: 2026-04-22 06:29 GMT

സത്‌ന: മധ്യപ്രദേശിലെ സത്‌നയില്‍ 11 വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി പ്ലാസ്റ്റിക് ഡ്രമ്മില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ മാതാവ് ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോള്‍ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മകനെ കാണാനില്ലെന്ന് മനസിലായതോടെ പോലിസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലിസ് വീട്ടിലെത്തി വാതില്‍ തുറന്ന് നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍ രക്തക്കറകള്‍ കണ്ടെത്തി. പിന്നീട് പ്ലാസ്റ്റിക് ഡ്രമ്മിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ 45 വയസ്സുകാരനായ അലക്കുകാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാള്‍ നിലവില്‍ ഒളിവിലാണെന്ന് പോലിസ് അറിയിച്ചു.

കൊല്ലപ്പെട്ട കുട്ടിയുടെ പിതാവുമായി പ്രതിക്ക് മുന്‍പ് തര്‍ക്കങ്ങളുണ്ടായിരുന്നതായും, ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയങ്ങളില്‍ കുട്ടിയുടെ മാതാവിനെ പ്രതി ശല്യം ചെയ്തിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. ഈ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമാകാമെന്ന സംശയത്തിലാണ് അന്വേഷണം. സംഭവസ്ഥലത്ത് നിന്ന് ഫൊറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചു. പ്രതിയെ കണ്ടെത്താന്‍ ഊര്‍ജിതമായ തെരച്ചില്‍ തുടരുകയാണെന്ന് പോലിസ് അറിയിച്ചു.

Tags: