ഓസ്‌ട്രേലിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടേ പതിനൊന്ന് ശ്രീലങ്കക്കാര്‍ കൊല്ലത്ത് പിടിയില്‍

Update: 2022-09-05 05:05 GMT

കൊല്ലം:ഓസ്‌ട്രേലിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടേ പതിനൊന്ന് ശ്രീലങ്കക്കാര്‍ കൊല്ലത്ത് പോലിസ് പിടിയില്‍.കൊല്ലം നഗരത്തിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്.തമിഴ്‌നാട് ക്യൂ ബ്രാഞ്ചും കൊല്ലം ഈസ്റ്റ് പൊലീസും ഇവരെ ചോദ്യം ചെയ്യുകയാണ്. ഓസ്‌ട്രേലിയയിലേക്ക് അനധികൃതമായി കുടിയേറുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പോലിസ് നല്‍കുന്ന സൂചന.

കഴിഞ്ഞ 19 ന് രണ്ടുപേര്‍ ശ്രീലങ്കയില്‍ നിന്നും ടൂറിസ്റ്റ് വിസയില്‍ ചെന്നൈയില്‍ എത്തിയിരുന്നു. പിന്നീട് ഇവരെ കാണാതായി. ഇവര്‍ക്കുവേണ്ടി തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തമിഴ്‌നാട്ടിലും അയല്‍ സംസ്ഥാനങ്ങളിലും തിരച്ചില്‍ നടത്തിവരികയായിരുന്നു. സംസ്ഥാനത്തെ എല്ലാ സിറ്റി പോലിസ് കമ്മീഷണര്‍മാര്‍ക്കും വിവരം കൈമാറിയിരുന്നു. ക്യൂ ബ്രാഞ്ചിന്റെ അറിയിപ്പ് പ്രകാരം കൊല്ലം പോലിസ് നഗരത്തില്‍ നടത്തിയ റെയ്ഡിലാണ് ലോഡ്ജില്‍ നിന്നും 11 പേരെ കണ്ടെത്തിയത്. ഇതില്‍ രണ്ടുപേര്‍ ചെന്നെയിലെത്തിയവരും, ആറുപേര്‍ ട്രിച്ചിയിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്നവരും, മൂന്നുപേര്‍ ചെന്നൈയിലെ അഭയാര്‍ത്ഥി ക്യാംപില്‍ കഴിഞ്ഞിരുന്നവരുമാണെന്നാണ് പോലിസ് നല്‍കുന്ന വിവരം.

ശ്രീലങ്കയിലുള്ള ലക്ഷ്മണ എന്ന ഏജന്റാണ് ഇവരെ കൊല്ലത്ത് എത്തിച്ചതെന്നാണ് സൂചന.കൊല്ലത്തുള്ള ഏജന്റിനെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.




Similar News