തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ നാളെ രാവിലെ 8 മുതൽ

Update: 2025-12-12 02:52 GMT

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇനി വിധി നിർണയമാണ് .നാളെ രാവിലെ എട്ടുമണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും അരമണിക്കൂർ കഴിയുമ്പോൾ ആദ്യ ഫലസൂചനകൾ വന്നു തുടങ്ങും .വോട്ടെടുപ്പിന് ശേഷം വിവിധ കേന്ദ്രങ്ങളിൽ അതീവ സുരക്ഷയിൽ സൂക്ഷിച്ചിട്ടുള്ള വോട്ടു യന്ത്രങ്ങൾ നിശ്ചിത കേന്ദ്രങ്ങളിൽ എത്തിച്ചാണ് വോട്ടെണ്ണൽ തുടങ്ങുക. സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വോട്ടെണ്ണലിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയതായി വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ ചുമതലയുള്ള ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാർ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പുറത്തും സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് ശക്തമായ പോലീസ് സുരക്ഷയും ഉറപ്പുവരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.സ്ഥാനാർത്ഥിയോ , സ്ഥാനാർത്ഥികൾ നിയോഗിക്കുന്ന കൗണ്ടിംഗ് ഏജൻറ് മാരുടെയോ സാന്നിധ്യത്തിലാണ് വോട്ടെണ്ണൽ നടക്കുക. വാർഡുകളുടെയും / ഡിവിഷനുകളുടെ യും ക്രമനമ്പർ പ്രകാരമാണ് വോട്ട് എണ്ണി തുടങ്ങുക. ആദ്യം തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും. തുടർന്നാണ് യന്ത്രത്തിലെ വോട്ടുകൾ എണ്ണാൻ ആരംഭിക്കുക.